< Back
India
മണിപ്പൂരിൽ വീണ്ടും സംഘർഷം; നിരവധി വീടുകൾ അഗ്നിക്കിരയാക്കി
India

മണിപ്പൂരിൽ വീണ്ടും സംഘർഷം; നിരവധി വീടുകൾ അഗ്നിക്കിരയാക്കി

ആത്തിക്ക് ഹനീഫ്
|
10 Feb 2026 2:12 PM IST

സംഘർഷത്തെ തുടർന്ന് ഉഖ്രുൽ ജില്ലയിൽ ഇന്റർനെറ്റ് നിരോധിച്ചു

ഇംഫാൽ: ഒരിടവേളക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. ഉഖ്രുൽ ജില്ലയിലെ ലിതാൻ ഗ്രാമത്തിൽ രാത്രിയിലുണ്ടായ അക്രമങ്ങളിൽ കുറഞ്ഞത് 24 വീടുകൾ കത്തിനശിച്ചു. ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുകയും പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം, തങ്ഖുൽ നാഗ സമുദായത്തിൽപ്പെട്ട 21 വീടുകളും കുക്കി-സോ സമുദായത്തിൽപ്പെട്ട മൂന്ന് വീടുകളും കുറച്ച് സർക്കാർ ക്വാർട്ടേഴ്സുകളും തീപിടുത്തത്തിൽ കത്തി നശിച്ചു. നേരത്തേയുണ്ടായ മെയ്തെയ്-കുക്കി സംഘർഷത്തിൽ നാഗ വിഭാഗം ഏറെക്കുറെ നിഷ്പക്ഷത പാലിച്ചിട്ടുണ്ടെങ്കിലും പുതിയ സംഘർഷത്തിലെ അവരുടെ ഇടപെടൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ശനിയാഴ്ച രാത്രി കുക്കി-സോസ് വിഭാഗത്തിൽപ്പെട്ട ഒരു സംഘം ഒരു നാഗാ യുവാവിനെ ആക്രമിച്ചതായി ആരോപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. തൊട്ടുപിന്നാലെ ലിതാൻ സരീഖോങ് പ്രദേശത്ത് വെടിവയ്പ്പും തീവയ്പ്പുമുണ്ടായി. സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളും യോഗം ചേർന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇത് സംഘർഷം രൂക്ഷമാക്കുകയും നിരവധി ആക്രമണങ്ങൾക്ക് കാരണമാവുകയും ചെയ്തു. ലിറ്റാൻ സരീഖോങ് (കുക്കി), ഷിക്കിബുങ് (തങ്ഖുൽ) എന്നിവിടങ്ങളിലുള്ള ആളുകൾ മദ്യപിച്ചുണ്ടായ വഴക്കാണ് സംഘർഷമായി രൂപപ്പെട്ടതെന്ന് ചില റിപോർട്ടുകൾ ചൂണ്ടികാണിക്കുന്നു.

സംഘർഷത്തിൽ പരിക്കേറ്റവരെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് ആശുപത്രിയിൽ സന്ദർശിച്ചു. തെറ്റിദ്ധാരണയുടെ ഫലമായാണ് സംഘർഷം നടക്കുന്നതെന്നും അദേഹം പറഞ്ഞു. എല്ലാ സമുദായങ്ങളോടും ശാന്തത പാലിക്കാനും സമാധാനം നിലനിർത്താനും അദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭ്യർഥിച്ചു. സംഘർഷത്തെ തുടർന്ന് ലിറ്റാൻ പ്രദേശത്തേക്ക് മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരുന്നതായി മണിപ്പൂർ പൊലീസ് പറഞ്ഞു. അതേസമയം, ഒന്നിലധികം ജില്ലകളിലെ സെൻസിറ്റീവ്, ദുർബല പ്രദേശങ്ങളിൽ സുരക്ഷാ സേന തിരച്ചിൽ തുടരുന്നു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.


Similar Posts