
ഫോട്ടോ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; തെലങ്കാന ബിജെപി ഓഫീസിൽ തമ്മിലടി
|ബിജെപി സംസ്ഥാന പ്രസിഡന്റ് നോക്കി നിൽക്കെയാണ് കൈയ്യാങ്കളി
തെലങ്കാന: വാർത്ത സമ്മേളനത്തിൽ ഫോട്ടോ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ തെലങ്കാന ബിജെപി ഓഫീസിൽ തമ്മിലടി. ബിജെപി സംസ്ഥാന പ്രസിഡന്റ് നോക്കി നിൽക്കെയാണ് ബിജെപി പ്രവർത്തകരും ബിസി (പിന്നോക്ക വിഭാഗം) അസോസിയേഷൻ പ്രവർത്തകരും തമ്മിലടിച്ചത്. നേതാക്കൾ ഇടപെട്ട് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒക്ടോബർ 18 ന് പ്രഖ്യാപിച്ച ബന്ദിന് പിന്തുണതേടി ബിജെപി ഓഫീസിൽ എത്തിയതാണ് ബിസി അസോസിയേഷൻ നേതാക്കൾ. ബിജെപി സംസ്ഥാന പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാർത്തസമ്മേളനത്തിന് എത്തിയപ്പോഴാണ് ബിജെപി പ്രവർത്തകരുമായി കൈയ്യാങ്കളി ഉണ്ടായത്. ബിസി അസോസിയേഷൻ നേതാവ് കൃഷ്ണയ്യയും ബിജെപി സംസ്ഥാന പ്രസിഡന്റ് രാംചന്ദർ റാവുവും നോക്കിനിൽക്കെയായിരുന്നു സംഭവം.
നേതാക്കള്‍ ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സംഘർഷം തുടർന്നു. പിന്നീട് കൂടുതൽ പേർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.