
ഡൽഹി തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കൽ; പ്രദേശത്ത് സംഘർഷം
|സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉൾപ്പെടെയാണ് ഒഴിപ്പിച്ചത്
ന്യൂഡൽഹി: ഡൽഹി തുർക്ക്മാൻ ഗേറ്റിൽ സയിദ് ഇലാഹി മസ്ജിദിന് സമീപം ഒഴിപ്പിക്കൽ നടപടിയുമായി അധികൃതർ. പുലർച്ചെ ഒന്നരയ്ക്കാണ് നടപടി ആരംഭിച്ചത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉൾപ്പെടെയാണ് ഒഴിപ്പിച്ചത്.
ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കലെന്ന് മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് നേരെ ആളുകൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും കല്ലെറിയുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
കയ്യേറ്റ വിരുദ്ധ നടപടികളുടെ പേരിൽ 17 ബുൾഡോസറുകളാണ് വിന്യസിച്ചത്. മസ്ജിദിന്റെ കമ്മ്യൂണിറ്റി സെന്ററും പൊളിച്ചു. റോഡിന്റെ ഭാഗങ്ങൾ, കാൽനടപ്പാത, പാർക്കിങ് ഏരിയ, ഒരു സ്വകാര്യ ഡയഗ്നോസ്റ്റ് സെന്റർ,പള്ളിയുടെ കമ്മ്യൂണിറ്റി സെന്റർ എന്നിവയും പൊളിച്ചു. രാംലീല മൈതാനത്തിലെ മസ്ജിദിനും ഖബർസ്ഥാനും സമീപമുള്ള ഭൂമിയിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്യാനുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് സയ്യിദ് ഇലാഹി മാനേജിംഗ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചെങ്കിലും പൊളിക്കൽ നടപടികൾ തുടരുകയാണ്.