< Back
India
ആര്യനറിഞ്ഞില്ല,അവന്‍ പകര്‍ത്തിയത്  274 പേരുടെ മരണത്തിന്റെ ദൃശ്യങ്ങളാണെന്ന്....; നടുക്കമിനിയും  മാറാതെ ഈ  12ാം ക്ലാസുകാരന്‍
India

ആര്യനറിഞ്ഞില്ല,അവന്‍ പകര്‍ത്തിയത് 274 പേരുടെ മരണത്തിന്റെ ദൃശ്യങ്ങളാണെന്ന്....; നടുക്കമിനിയും മാറാതെ ഈ 12ാം ക്ലാസുകാരന്‍

Web Desk
|
16 Jun 2025 7:02 AM IST

സ്വന്തം വീട്ടിൽ നിന്ന് പോലും മാറി നിൽക്കുകയാണ് ആര്യനിപ്പോള്‍

അഹമ്മദാബാദ്: ഗുജറാത്ത് സ്വദേശിയായ 12ാം ക്ലാസ് വിദ്യാര്‍ഥി ആര്യന്‍ അസാരിയുടെ വീടിനു മുകളിൽ നിന്നാൽ എന്നും വിമാനങ്ങൾ പറന്നുയരുന്നത് കാണാന്‍ സാധിക്കും. എന്നാൽ ജൂൺ 12 ന് എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുമ്പോൾ ആര്യൻ അറിഞ്ഞിരുന്നില്ല, 274 പേരുടെ മരണത്തിന്റെ ദൃശ്യങ്ങളാണ് പകർത്തുന്നതെന്ന്. രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. വിമാനം പറന്നുയരുന്നതും അഗ്നിഗോളമാകുന്നതും ആര്യന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാം.അപകടം നടന്നതിന് പിന്നാലെ ഈ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു.

എന്നാല്‍ അപകടത്തിന് പിന്നാലെ ആര്യൻ്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ദൃശ്യങ്ങളെ കുറിച്ച് പറയുമ്പോൾ അവൻ്റെ ശബ്ദം ഇടറുന്നുണ്ട്. അഹമ്മദാബാദ് വിമാന അപകടത്തിലെ അന്വേഷണത്തിൽ നിര്‍ണായക തെളിവായി മാറുകയാണ് ആര്യൻ അസാരി പകർത്തിയ വിമാനം തകരുന്ന വീഡിയോ ദൃശ്യം.

കഴിഞ്ഞ ദിവസം ആര്യൻ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരുന്നു.അതേസമയം വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കുട്ടി പോകുന്നത് എന്ന് അയൽവാസികൾ പറയുന്നു.മാധ്യമങ്ങളുടെയും മറ്റും വലിയ നിര തന്നെ അവന്‍റെ വീടിന് മുന്നിലുണ്ട്. ബുദ്ധിമുട്ടുകൾ കാരണം സ്വന്തം വീട്ടിൽ നിന്ന് പോലും മാറി നിൽക്കുകയാണ് ആര്യൻ ഇപ്പോൾ .


Similar Posts