< Back
India
ഫേസ്ബുക്ക് ലൈവിനിടെ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ ​കങ്കുജത്തിന്റെ മൊബൈൽ തട്ടിയെടുത്ത് ബൈക്കിലെത്തിയ കള്ളന്മാർ
India

ഫേസ്ബുക്ക് ലൈവിനിടെ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ ​കങ്കുജത്തിന്റെ മൊബൈൽ തട്ടിയെടുത്ത് ബൈക്കിലെത്തിയ കള്ളന്മാർ

Web Desk
|
24 Oct 2022 5:23 PM IST

ലിസിപ്രിയ കള്ളന്മാർക്ക് പിന്നാലെ കുറച്ചുദൂരം ഓടിയെങ്കിലും ഫലമുണ്ടായില്ല.

ഗ്രേറ്റർ നോയ്ഡ: യു.പിയിൽ ദീപാവലിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ലൈവിനിടെ റോഡിൽ വച്ച് കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ ​കങ്കുജത്തിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് കള്ളന്മാർ. ബൈക്കിലെത്തിയ രണ്ട് പേരാണ് 11കാരിയായ ലിസിപ്രിയയുടെ മൊബൈൽ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തിൽ ലിസിപ്രിയയുടെ പരാതിയിൽ ​ഗ്രേറ്റർ നോയ്ഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗ്രേറ്റർ നോയിഡ സെക്ടർ-16ബിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിൽ നിന്ന് അമ്മയോടൊപ്പം ദീപാവലി ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിതായിരുന്നു ലിസിപ്രിയ. തുടർന്ന്, ഫേസ്ബുക്ക് ലൈവ് ആരംഭിച്ച് തെരുവിലെ ദീപാവലി അലങ്കാരങ്ങളെ കുറിച്ചും പടക്കങ്ങളൊഴിവാക്കി ആഘോഷിക്കുന്നതിനെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം മൊബൈൽ ഫോൺ‍ തട്ടിപ്പറിച്ച് പോവുകയായിരുന്നു.

ലിസിപ്രിയ കള്ളന്മാർക്ക് പിന്നാലെ കുറച്ചുദൂരം ഓടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. തുടർന്ന് വീട്ടിലെത്തിയ ലിസിപ്രിയ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ട്വിറ്ററിൽ കുറിപ്പിടുകയും നോയ്ഡ പൊലീസിനെ ടാ​ഗ് ചെയ്യുകയും ചെയ്തു.

"ഗ്രേറ്റർ നോയിഡ സെക്ടർ-16ബിയിലെ നിരാല ആസ്പയറിന് എതിർവശത്തുള്ള ബെല്ലാന സ്ട്രീറ്റ് മാർക്കറ്റിന് മുന്നിലൂടെ ഞാൻ ഫേസ്ബുക്ക് ലൈവ് ചെയ്തു പോകുമ്പോൾ ബൈക്കിലെത്തിയ രണ്ട് കള്ളന്മാർ എന്റെ മൊബൈൽ തട്ടിയെടുത്തു. ദയവായി എന്നെ സഹായിക്കൂ!"- ലിസിപ്രിയ ട്വീറ്റിൽ പറയുന്നു.

മണിപ്പൂർ സ്വദേശിയായ കങ്കുജം ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ പരിസ്ഥിതി- കാലാവസ്ഥാ പ്രവർത്തകയാണ്. 2020ൽ കേന്ദ്ര സർക്കാരിന്‍റെ കർഷക ദ്രോഹ നിയമത്തിനെതിരെ സമരം ചെയ്ത കർഷകർക്ക് പിന്തുണയുമായി ലിസിപ്രിയ കങ്കുജം രം​ഗത്തെത്തിയിരുന്നു. 'കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഏറ്റവും വലിയ ഇര നമ്മുടെ കർഷകരാണെന്നും അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ ലോകത്തെ ദശലക്ഷക്കണക്കിന് കാലാവസ്ഥാ പ്രവർത്തകർ തന്നോടൊപ്പമുണ്ടെന്നും കങ്കുജം പറഞ്ഞിരുന്നു.

കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ നിരവധി ലോക നേതാക്കളുമായി ലിസിപ്രിയ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2019ൽ‍ എട്ടാം വയസിൽ, മാഡ്രിഡിൽ നടന്ന യു.എൻ‍ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും അടുത്തിടെ ഛത്തീസ്ഗഡിലെ കൽക്കരി വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വാഷിംഗ്ടണിൽ 2020 ഭൗമദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലെ പ്രസംഗകരിൽ ഒരാളായിരുന്നു ലിസിപ്രിയ.

വായു മലിനീകരണ സാധ്യതയുള്ളതിനാൽ കുറ്റിപുല്ല് കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവർ കർഷകരോട് അഭ്യർഥിച്ചിരുന്നു. 'ഇന്ത്യയിലെയും ലോകത്തിലെയും അന്തരീക്ഷ മലിനീകരണം മൂലം പ്രതിവർഷം ദശലക്ഷക്കണക്കിന് കുട്ടികളാണ് മരിക്കുന്നത്. കുറ്റിപുല്ല് കത്തിക്കുന്നത് അവസാനിപ്പിച്ചാൽ ഒരുപരിധിവരെ മലിനീകരണം കുറക്കാൻ സഹായിക്കും, ഇക്കാര്യം ഞാൻ കർഷകരോട് അഭ്യർഥിക്കുന്നെന്നും 2020ൽ കങ്കുജം പറഞ്ഞിരുന്നു.

Similar Posts