< Back
India
Shivraj Singh Chouhan washing Dashrath

ശിവരാജ് സിങ് ചൗഹാന്‍ ആദിവാസി യുവാവിന്‍റെ കാല്‍ കഴുകുന്നു

India

ഞാന്‍ മാപ്പ് പറയുന്നു; ബി.ജെ.പി നേതാവ് മൂത്രമൊഴിച്ച് അപമാനിച്ച ആദിവാസി യുവാവിന്‍റെ കാൽ കഴുകി ശിവരാജ് സിങ് ചൗഹാന്‍

Web Desk
|
6 July 2023 11:22 AM IST

വീഡിയോ കണ്ട് തനിക്ക് വേദന തോന്നിയെന്നും സംഭവത്തില്‍ മാപ്പ് പറയുന്നതായും ശിവരാജ് സിങ് റാവത്തിനോട് പറഞ്ഞു

ഭോപ്പാല്‍: സിദ്ധിയില്‍ ബി.ജെ.പി നേതാവ് മുഖത്ത് മൂത്രമൊഴിച്ച് ആദിവാസി യുവാവിന്‍റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഭോപ്പാലിലെ വസതിയില്‍ വച്ചാണ് അധിക്ഷേപത്തിനിരയായ ദശരഥ് റാവത്ത് എന്ന യുവാവിന്‍റെ കാല്‍ കഴുകിയത്.വീഡിയോ കണ്ട് തനിക്ക് വേദന തോന്നിയെന്നും സംഭവത്തില്‍ മാപ്പ് പറയുന്നതായും ശിവരാജ് സിങ് റാവത്തിനോട് പറഞ്ഞു.

ശിവരാജ് സിങ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. "ആ വീഡിയോ കണ്ട് ഞാൻ വേദനിച്ചു, ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു, ആളുകൾ എനിക്ക് ദൈവത്തെ പോലെയാണ്," സിങ് പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതും കസേരയില്‍ ഇരുത്തുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് നിലത്ത് ചെറിയൊരു സ്റ്റൂളില്‍ ഇരുന്നുകൊണ്ട് അദ്ദേഹം യുവാവിന്‍റെ കാല്‍ കഴുകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. റാവത്ത് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. ഇരുപാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം റാവത്തിന്‍റെ കഴുത്തിലിട്ട ശേഷം ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വര്‍ണനിറത്തിലുള്ള ഗണപതി വിഗ്രഹമടക്കമുള്ള സമ്മാനങ്ങളും നല്‍കി. മധുരം റാവത്തിന്‍റെ വായില്‍ വച്ചു നല്‍കിയ ശേഷം കുറച്ചു സമയം റാവത്തുമായി സിങ് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

സിദ്ധിയിലെ കുബ്രിയില്‍ ആദിവാസി യുവാവിന്‍റെ മുഖത്ത് ബി.ജെ.പി നേതാവായ പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്‍റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ആറു മാസം മുന്‍പാണ് സംഭവം നടന്നത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. തുടര്‍ന്ന് പ്രവേശിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്‍.എസ്.എ പ്രകാരമാണ് ശുക്ലക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ പ്രവേശിന്‍റെ വീട് സിദ്ധി ജില്ലാ ഭരണകൂടം ബുള്‍ഡോസറുമായെത്തി തകര്‍ക്കുകയും ചെയ്തു.

Similar Posts