
Bahraich | Photo | Vishal Srivastava | Indian Express
ബഹ്‌റായ്ച്ച് വർഗീയ സംഘർഷം: എട്ട് പ്രതികൾക്കെതിരെ കൂടി എൻഎസ്എ ചുമത്താൻ ശിപാർശ
|ജില്ലാ ഭരണകൂടത്തിന്റെ ശിപാർശ പരിഗണിച്ച് നേരത്തെ അഞ്ചുപേർക്കെതിരെ എൻഎസ്എ ചുമത്തിയിരുന്നു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റായ്ച്ചിൽ ഒരു വർഷം മുമ്പ് നടന്ന വർഗീയ സംഘർഷത്തിൽ പ്രതികളായ എട്ടുപേർക്കെതിരെ കൂടി ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്താൻ ശിപാർശ. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നിലവിൽ കൊലപാതകം, വർഗീയ കലാപം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ എട്ടുപേർക്കെതിരെ എൻഎസ്എ കൂടി ചുമത്തണമെന്നാണ് ജില്ലാ മജിസ്‌ട്രേറ്റും പൊലീസും സൂപ്രണ്ടും ശിപാർശ ചെയ്തിരിക്കുന്നത്.
മഅ്‌റൂഫ് അലി, നങ്കു, മുഹമ്മദ് ഫഹീം, മുഹമ്മദ് അഫ്‌സൽ, മുഹമ്മദ് സീഷാൻ, ജാവേദ്, ശുഐബ് ഖാൻ, സെയ്ഫ് അലി എന്നിവർക്കെതിരെയാണ് എൻഎസ്എ ചുമത്താൻ ശിപാർശ ചെയ്തത്. ഇതേ കേസിൽ മറ്റു അഞ്ചുപേർക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ ശിപാർശ അംഗീകരിച്ച് മാർച്ച് 10ന് സർക്കാർ എൻഎസ്എ ചുമത്തിയിരുന്നു.
രണ്ട് ദിവസം മുമ്പാണ് എൻഎസ്എ ചുമത്താൻ ജില്ലാ മജിസ്‌ട്രേറ്റ് ശിപാർശ ചെയ്തതെന്നും ഇത് സർക്കാർ അംഗീകാരത്തിനായി അയച്ചിരിക്കുകയാണെന്നും മഹ്‌സി ഏരിയ സർക്കിൾ ഓഫീസർ ധീരേന്ദ്ര കുമാർ ശ്രീവാസ്തവ പറഞ്ഞു.
ബഹ്‌റായ്ച്ചിലെ മഹാരാജ്ഗഞ്ച് ഏരിയയിൽ കഴിഞ്ഞ വർഷം ഒക്ടോബർ 13നാണ് വർഗീയ സംഘർഷമുണ്ടായത്. മതപരമായ ഘോഷയാത്രക്കിടെ മ്യൂസിക് ഓഫാക്കാൻ പ്രദേശവാസികൾ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം ഇരുസമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സംഘർഷത്തിനിടെ പ്രദേശവാസിയായ രാംഗോപാൽ (22)ന് വെടിയേറ്റു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തെ തുടർന്ന് അക്രമം വ്യാപിക്കുകയും വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ഒരു മാസത്തിലധികം സമയമെടുത്താണ് ഇവിടെ സ്ഥിതിഗതികൾ സാധാരണ നിലയിലെത്തിയത്.