< Back
India
ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ സൈഡ് മിററിൽ പാമ്പ്; ഞെട്ടി ഡ്രൈവറും യാത്രക്കാരും , വീഡിയോ

Photo| X @karnatakaportf

India

ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ സൈഡ് മിററിൽ പാമ്പ്; ഞെട്ടി ഡ്രൈവറും യാത്രക്കാരും , വീഡിയോ

Web Desk
|
12 Nov 2025 12:46 PM IST

തമിഴ്‌നാട്ടിലെ നാമക്കൽ-സേലം റോഡിലാണ് സംഭവം

സേലം: ചിലപ്പോൾ അടുക്കളയില്‍ വച്ചിരിക്കുന്ന ഫ്രിഡ്ജിനുള്ളിൽ അല്ലെങ്കിൽ ഉമ്മറത്ത് വച്ചിരിക്കുന്ന ഷൂവിനകത്ത്...വന്നുവന്ന് പാമ്പ് എവിടെയാണ് പതിയിരിക്കുന്നതെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണ്. വീട്ടിലെ ഗ്യാസടുപ്പിനിടയിൽ ഒളിഞ്ഞിരിക്കുന്ന വിഷപ്പാമ്പിന്‍റെ വീഡിയോ പുറത്തുവന്നത് ഈയിടെയാണ്. ഇപ്പോഴിതാ ഓടുന്ന കാറിന്‍റെ സൈഡ് മിററിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്തിയത് വാഹനമോടിക്കുന്നവരെ ഞെട്ടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ നാമക്കൽ-സേലം റോഡിലാണ് സംഭവം.

ഭയാനകമായ ഈ ദൃശ്യത്തിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. മഴക്കാലത്ത് മാത്രമല്ല, ശൈത്യകാലത്തും വാഹന ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഈ വീഡിയോ ഓര്‍മിപ്പിക്കുന്നു. ഹൈവേയിലെ തിരക്കേറിയ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് കാറിന്‍റെ സൈഡ് മിററിൽ വളഞ്ഞുപുളയുന്ന പാമ്പിനെ കണ്ടത്. പരിഭ്രാന്തനായ ഡ്രൈവര്‍ ഉടൻ തന്നെ കാര്‍ പതുക്കെ നിര്‍ത്തി ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്നു. സൈഡ് മിററിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന പാമ്പിനെ കണ്ട അതുവഴി പോകുന്ന ഇരുചക്രവാഹന യാത്രക്കാർ ഞെട്ടിത്തരിച്ച് നോക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് സമീപത്തുണ്ടായിരുന്നവർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വാഹനത്തിൽ നിന്ന് പാമ്പിനെ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു.

തണുപ്പുള്ള മാസങ്ങളിൽ പാമ്പുകളും മറ്റ് ചെറുജീവികളും ചൂട് തേടി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ അഭയവും തേടാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ വാഹനമെടുക്കുമ്പോൾ ബോണറ്റ്, വീൽ ആർച്ചുകൾ, സൈഡ് മിററുകൾ എന്നിവ പരിശോധിക്കണമെന്നും മുന്നറിയിപ്പ് നൽകി. നിരവധി പേരാണ് ഇതിനോട് പ്രതികരിച്ച് തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായെന്നും 10 വര്‍ഷത്തിലേറെയായി ബൈക്ക് തൊടാൻ ധൈര്യപ്പെട്ടില്ലെന്നും ഒരു ഉപയോക്താവ് കുറിച്ചു.

Similar Posts