< Back
India
പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും കലഹം; സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം
India

പഞ്ചാബിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിലും കലഹം; സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം

Web Desk
|
21 Sept 2021 6:54 AM IST

സച്ചിന്റെ പരിശ്രമത്തിന്റെ ഫലമാണ് കോണ്‍ഗ്രസിന് രാജസ്ഥാനിൽ അധികാരം കിട്ടിയതെന്നും ഇനി അദ്ദേഹം മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ഒരു വിഭാഗം എം.എൽ.എമാർ പറയുന്നത്.

പഞ്ചാബ് കോൺഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഒരു വിഭാഗം എം.എൽ.എമാർ. അശോക് ഗെഹ്‌ലോട്ടിനെ മാറ്റി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം.എൽ.എമാർ ഹൈക്കമാന്‍റിനെ സമീപിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറല്ലെന്ന് അശോക് ഗെഹ്‌ലോട്ട് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.

പഞ്ചാബിന് സമാനമായി ജനങ്ങളെ ആകർഷിക്കാൻ പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരണമെന്നാണ് എം.എൽ.എമാർ ഹൈക്കമാന്റിനെ അറിയിച്ചത്. മുന്‍ പി.സി.സി ജനറല്‍ സെക്രട്ടറി മഹേഷ് ശര്‍മ്മ കഴിഞ്ഞ ദിവസം ഈ ആവശ്യം പരസ്യമാക്കുകയും ചെയ്തു. സച്ചിന്റെ പരിശ്രമത്തിന്റെ ഫലമാണ് കോണ്‍ഗ്രസിന് രാജസ്ഥാനിൽ അധികാരം കിട്ടിയതെന്നും ഇനി അദ്ദേഹം മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ഒരു വിഭാഗം എം.എൽ.എമാർ പറയുന്നത്.

അതേസമയം, രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ശക്തനാണ്, സംസ്ഥാനത്തും ഹൈക്കമാന്റിലും എം.എൽ.എമാരിലും ഒരു പോലെ സ്വാധീനമുളളയാളാണ് ഗെഹ്‌ലോട്ട്. അതുകൊണ്ടുതന്നെ ഇതിനു മുമ്പ് സച്ചിൻ വിഭാഗം നടത്തിയ സമ്മർദതന്ത്രങ്ങള്‍ വിജയിച്ചിട്ടില്ല. 2023 ൽ മാത്രം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാനിൽ തിടുക്കത്തിൽ തീരുമാനങ്ങൾ വേണ്ട എന്ന നിലപാടിലാണ് ഹൈക്കമാന്‍റ്.

നേരത്തെ കോൺഗ്രസ് വിടാനൊരുങ്ങിയ സച്ചിൻ പൈലറ്റിനെ പരിഗണിക്കാതിരിക്കാനും ഹൈക്കമാന്‍റിനാവില്ല. അതിനാല്‍ മന്ത്രിസഭ വികസിപ്പിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. സച്ചിന്‍ പൈലറ്റ് പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയാകും പുനഃസംഘടന. കൂടാതെ സംഘടനാ തലത്തിലും സച്ചിൻ പക്ഷത്തെ പരിഗണിക്കും. കോര്‍പറേഷന്‍- ബോര്‍ഡ് പദവിയിലേക്കും സച്ചിന്‍ പൈലറ്റുമായി അടുപ്പമുള്ളവരെ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം.

Related Tags :
Similar Posts