
രാഹുല്‍ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച രാഷ്ട്രപതിയെ കാണും
|ഇന്നത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന രാഹുലിന്‍റെ ആവശ്യം ഇ.ഡി അംഗീകരിച്ചിരുന്നു
ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ എന്‍ഫോഴ്സ്‍മെന്‍റ് നടപടിയിൽ എതിർപ്പ് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച രാഷ്ട്രപതിയെ കാണും. ഇന്നത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന രാഹുലിന്‍റെ ആവശ്യം ഇ.ഡി അംഗീകരിച്ചിരുന്നു. ഇ.ഡി നടപടിക്കെതിരെ സമരം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
തുടർച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഒരു ദിവസത്തെ ഇടവേള നൽകി രാഹുൽ ഗാന്ധിയോട് ഇന്ന് ചോദ്യം ചെയ്യാൻ ഹാജരാകാനാണ് ഇ.ഡി നിർദേശിച്ചിരുന്നത്. എന്നാൽ, ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യൽ തിങ്കളാഴ്ചയിലേക്ക് മാറ്റണമെന്ന ആവശ്യം രാഹുൽ ഇ.ഡിയെ അറിയിച്ചത്.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുലും ആശുപത്രിയിലാണെന്നാണ് വിവരം. തുടർച്ചയായുള്ള ചോദ്യം ചെയ്യാൽ മുന്നില്‍ കണ്ട് പ്രതിഷേധം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനം. എം.പിമാരെ ഡൽഹി പൊലീസ് വീട്ടുതടങ്കലിലാക്കിയാൽ വീടുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഇതിനിടെ, ഡൽഹി പൊലീസ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് എം.പിമാർ രാജ്യസഭ അധ്യക്ഷനെയും ലോക്സഭ സ്പീക്കറെയും കണ്ട് പരാതി നൽകി.
കേന്ദ്രസര്‍ക്കാർ നടപടി കടുപ്പിക്കുമ്പോള്‍ പ്രതിഷേധം സജീവമാക്കി നിലനിർത്താനാണ് എ.ഐ.സി.സി ആസ്ഥാനത്ത് ചേര്‍ന്ന നേതൃയോഗത്തിന്‍റെ തീരുമാനം. ഞായറാഴ്ച മുഴുവന്‍ എംപിമാരോടും ഡൽഹിയിൽ എത്താൻ കോൺഗ്രസ് ആവശ്യപ്പട്ടു. എം.പിമാരുടെ ഔദ്യോഗിക വസതികളില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണമെന്നും നിര്‍ദേശമുണ്ട്.