
പാകിസ്താൻ ഭീകരതക്കെതിരായ മോദി സർക്കാരിന്റെ നയതന്ത്ര ഇടപെടൽ പദ്ധതി; നയിക്കാൻ കോൺഗ്രസ് എംപി ശശി തരൂരും
|ഓപ്പറേഷൻ സിന്ദൂരിന് പരസ്യമായി പിന്തുണ നൽകിയതിനെത്തുടർന്ന് സ്വന്തം പാർട്ടിയിൽ നിന്ന് എതിർപ്പ് നേരിടുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എംപി ശശി തരൂരിനെ മോദി ഈ യാത്രയുടെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നത്
ന്യൂഡൽഹി: ഭീകരതയെ പിന്തുണക്കുന്ന പാകിസ്താനെ കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് വ്യക്തമാക്കുന്നതിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നയതന്ത്ര ഇടപെടൽ പദ്ധതി. ബിജെപി സർക്കാറിന്റെ പ്രതിനിധി സംഘത്തെ നയിക്കാൻ കോൺഗ്രസ് എംപി ശശി തരൂരുമെന്ന് സൂചന. അഞ്ച് മുതൽ ആറ് വരെ പാർലമെന്റ് അംഗങ്ങൾ അടങ്ങുന്ന ഒന്നിലധികം പ്രതിനിധി സംഘങ്ങളെയാണ് ഈ സംരംഭത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മെയ് 22 ന് ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന സംഘം ജൂൺ ആദ്യത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഓപ്പറേഷൻ സിന്ദൂരിന് പരസ്യമായി പിന്തുണ നൽകിയതിനെത്തുടർന്ന് സ്വന്തം പാർട്ടിയിൽ നിന്ന് എതിർപ്പ് നേരിടുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എംപി ശശി തരൂരിനെ മോദി ഈ യാത്രയുടെ നേതൃസ്ഥാനത്ത് കൊണ്ടുവരുന്നത്. ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ചുള്ള തന്റെ പരാമർശങ്ങൾ പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലുള്ള തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശശി തരൂർ അവകാശപ്പെട്ടു.
ദേശീയ ഐക്യം നിർണായകമായ ഒരു ഘട്ടത്തിൽ പ്രകടിപ്പിച്ച തന്റെ അഭിപ്രായങ്ങൾ വ്യക്തിപരമായ കാഴ്ചപ്പാടുകളാണെന്ന് ശശി തരൂർ പറഞ്ഞു. 'നമ്മുടെ രാജ്യത്തിന് വേണ്ടി അണിനിരക്കേണ്ടത് വളരെ പ്രധാനമായിരുന്ന ഒരു സമയത്ത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ് ഞാൻ പ്രകടിപ്പിച്ചത്. പ്രത്യേകിച്ചും യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നമ്മുടെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ കുറവുണ്ടായ സമയത്ത്.' ശശി തരൂർ കൂട്ടിച്ചേർത്തു.