< Back
India
Vasantrao Chavan
India

കോണ്‍ഗ്രസ് എം.പി വസന്ത് ചവാന്‍ അന്തരിച്ചു

Web Desk
|
26 Aug 2024 10:20 AM IST

മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു

നൈഗോണ്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ വസന്ത് ചവാന്‍ അന്തരിച്ചു. 69 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.മഹാരാഷ്ട്ര നന്ദേഡിൽ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു.

കുറഞ്ഞ രക്തസമ്മര്‍ദവും ശ്വാസതടസവും അനുഭവപ്പെട്ടതിന് പിന്നാലെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു അദ്ദേഹത്തെ നന്ദേഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, അവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി അദ്ദേഹത്തെ എയര്‍ ആംബുലൻസില്‍ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. ചവാന്‍റെ സംസ്കാരം രാവിലെ 11ന് നൈഗോണില്‍ നടക്കും.

ഈ വര്‍ഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയായ പ്രതാപ് പാട്ടീൽ ചിഖാലിക്കറെ പരാജയപ്പെടുത്തിക്കൊണ്ടാണ് വസന്ത് ചവാൻ പാര്‍ലമെന്‍റിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പില്‍ 59,442 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചവാന്‍റെ ജയം. നൈഗോണിലെ ജന്ത ഹൈസ്‌കൂൾ, കോളേജ് ഓഫ് അഗ്രികൾച്ചർ എന്നിവയുടെ ട്രസ്റ്റിയും ചെയർപേഴ്‌സണുമാണ് ചവാൻ. 2009ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. 2014ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Similar Posts