< Back
India
രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍: പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്, ജന്തര്‍ മന്ദറിലേക്കുള്ള വഴികള്‍ അടച്ച് പൊലീസ്
India

രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍: പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്, ജന്തര്‍ മന്ദറിലേക്കുള്ള വഴികള്‍ അടച്ച് പൊലീസ്

Web Desk
|
20 Jun 2022 10:36 AM IST

രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ആഴ്ച മൂന്ന് ദിവസം തുടർച്ചയായി ചോദ്യംചെയ്‌തിരുന്നു

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ജന്തര്‍ മന്ദറിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.

രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ ആഴ്ച മൂന്ന് ദിവസം തുടർച്ചയായി ചോദ്യംചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നാണ് ഇ.ഡി വൃത്തങ്ങൾ പറയുന്നത്. രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യംചെയ്യുമ്പോൾ പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻറെ തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഴുവൻ എംപിമാരും ഡൽഹിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് തവണ രാഹുലിനെ ഇ.ഡി ചോദ്യം ചെയ്തപ്പോൾ എ.ഐ.സി.സി ആസ്ഥാനത്തും ഇ.ഡി ഓഫീസ് പരിസരത്തും വ്യാപക പ്രതിഷേധം നടന്നിരുന്നു. സമാനരീതിയിൽ ഇന്നും പ്രതിഷേധം മുന്നിൽ കണ്ട് നിരോധനാജ്ഞ തുടരുമെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

യങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഉറവിടങ്ങളെ പറ്റിയാണ് ഇ.ഡി കൂടുതലും ചോദ്യങ്ങൾ ചോദിച്ചത്. പല ചോദ്യങ്ങളും രാഹുൽ കൃത്യമായ മറുപടി നൽകുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. രാഹുലിനെതിരായ ഇ.ഡി നടപടി, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണും.

Similar Posts