India
Congress releases names and pictures of those who died due to SIR workload
India

'സമ്മർദം വധശിക്ഷയായി മാറുമ്പോൾ...'; എസ്‌ഐആർ ജോലിഭാരം മൂലം മരിച്ച ബിഎൽഒമാരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് കോൺഗ്രസ്

Web Desk
|
24 Nov 2025 4:20 PM IST

മരിച്ചവരിൽ ആറ് സ്ത്രീകളും എട്ട് പുരുഷന്മാരും ഉൾപ്പെടുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ മരണം- നാല് പേർ.

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ എസ്‌ഐആർ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയും ഹൃദയാഘാതമുൾപ്പെടെ മൂലം മരിക്കുകയും ചെയ്തവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട് കോൺഗ്രസ്. 14 പേരുടെ വിവരങ്ങളാണ് കോൺഗ്രസ് സോഷ്യൽമീഡിയ പേജിലൂടെ പുറത്തുവിട്ടത്. 'ജീവിതത്തിന്റെ ഡെഡ്ലൈൻ..., എസ്ഐആർ തൊഴിലാളികൾ താങ്ങാനാവാത്ത സമ്മർദം നേരിടുന്നു' എന്ന വരികളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. 'എസ്ഐആർ സമ്മർദം വധശിക്ഷയായി മാറുമ്പോൾ ആരാണ് ഉത്തരവാദി?'- എന്നും പോസ്റ്ററിൽ ചോദിക്കുന്നു.

ഇതിൽ, ആറ് സ്ത്രീകളും എട്ട് പുരുഷന്മാരും ഉൾപ്പെടുന്നു. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ മരണം- നാല് പേർ. ബിഎൽഒമാരായ അരവിന്ദ് വധേർ, രമേശ് പർമാർ, ബിഎൽഒ അസിസ്റ്റന്റുമാരായ ഉഷാ ബെൻ, കൽപന പട്ടേൽ എന്നിവരാണ് ഗുജറാത്തിൽ മരിച്ചത്. ഇതിൽ ഗിർ സോമനാഥ് ജില്ലയിലെ ഛാര ഗ്രാമത്തിലെ ബിഎൽഒ ആയ അരവിന്ദ് എസ്‌ഐആർ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു. മറ്റ് മൂന്നുപേരും സമ്മർദം താങ്ങാനാവാതെ ഹൃദയാഘാതത്തൈ തുടർന്നാണ് മരിച്ചത്.

പശ്ചിമബംഗാളിൽ എസ്‌ഐആർ മൂന്ന് ബിഎൽഒമാരുടെ ജീവനാണെടുത്തത്. ശാന്തി മുനി, നമിത ഹൻസ്ദ, റിങ്കു തരഫ്ദാർ എന്നിവരാണ് മരിച്ചത്. ഇതിൽ ശാന്തി മുനിയും റിങ്കു തരഫ്ദാറും ജീവനൊടുക്കുകയും നമിത ഹൻസ്ദ സെറിബ്രൽ അറ്റാക്ക് മൂലം മരിക്കുകയുമായിരുന്നു. ഉദയ്ഭാനു സിങ്, ഭുവൻ സിങ് എന്നിവരാണ് മധ്യപ്രദേശിൽ മരിച്ച ബിഎൽഒമാർ. രാജസ്ഥാനിലും രണ്ട് പേരാണ് മരിച്ചത്- മുകേഷ് ജങ്കിദ്, ശാന്താറാം എന്നിവർ. ഇതിൽ ശാന്താറാം എസ്ഐആർ സൂപ്പർവൈസറാണ്.

ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും കേരളത്തിലും ഓരോരുത്തർ വീതവും മരിച്ചു. കേരളത്തിൽ കണ്ണൂരിലെ ബിഎൽഒ ആയ അനീഷ് ജോർജാണ് എസ്‌ഐആർ ജോലിഭാരം മൂലം ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ട് തിരുക്കൊല്ലൂരിലെ ജാഹിത ബീഗമാണ് ജീവനൊടുക്കിയത്. യുപിയിൽ വിജയ് കെ. വർമയാണ് എസ്‌ഐആർ ജോലികൾക്കിടെ മരിച്ചത്. എസ്ഐആർ‍ ജോലിഭാരം മൂലം മരിക്കുന്ന ബിഎൽഒമാരുടെ എണ്ണം കൂടുന്നതിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു.

മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ ജീവൻ പൊലിഞ്ഞതെന്നും എസ്ഐആർ എന്ന പേരിൽ രാജ്യമെമ്പാടും അരാജകത്വം സൃഷ്ടിക്കപ്പെട്ടെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. എസ്ഐആർ പരിഷ്കരണമല്ല, അടിച്ചമർത്തലാണ് നടക്കുന്നത്. ഹൃദയാഘാതം, മാനസിക പിരിമുറുക്കം, ആത്മഹത്യ എന്നിവയ്ക്ക് അത് കാരണമായി. അപ്പോഴും വോട്ടുകൊള്ള തടസമില്ലാതെ തുടരുകയാണെന്നും രാഹുൽ ​ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

ലോകത്തെ നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയർ ഉള്ളൊരു രാജ്യത്ത്, വോട്ടർമാർക്ക് അവരുടെ പേരുകൾ കണ്ടെത്താൻ 22 വർഷം പഴക്കമുള്ള വോട്ടർ പട്ടികകൾ തിരയേണ്ടിവരുന്നു. പരിഷ്കാരങ്ങളുടെ പേരിൽ സർക്കാർ ജീവനക്കാർക്ക് സമ്മർദം ചെലുത്തുന്നത് ഉചിതമാണോ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ജനാധിപത്യ സുതാര്യതയെ പരിഹസിക്കുന്നതല്ലേ എന്നും രാഹുൽ ​ഗാന്ധി ചോദിച്ചു.




Similar Posts