< Back
India
jairam ramesh
India

'കഴിഞ്ഞ 11 വര്‍ഷമായി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; ബിജെപിക്കെതിരെ കോൺഗ്രസ്

Web Desk
|
25 Jun 2025 3:59 PM IST

കഴിഞ്ഞ 11 വർഷത്തിനിടെ 140 കോടി ജനങ്ങളിൽ ഓരോ വിഭാഗവും പ്രശ്നത്തിലാണെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു

ഡൽഹി: കഴിഞ്ഞ 11 വര്‍ഷമായി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. . ഇന്ത്യൻ ജനാധിപത്യം വ്യവസ്ഥാപിതവും അപകടകരവുമായ ആക്രമണം നേരിടുകയാണെന്നും ഇത് നേരത്തെയുള്ളതിന്‍റെ അഞ്ച് മടങ്ങാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷിക ദിവസം 'സംവിധാൻ ഹത്യ ദിവസായി' ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

മോദി അധികാരത്തിലെത്തിയിട്ട് 11 വർഷമായി, ഈ കാലയളവിൽ ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളിൽ അനിയന്ത്രിതമായ വര്‍ധനവ് ഉണ്ടായതായും പൗരസ്വാതന്ത്ര്യത്തിനെതിരായ അടിച്ചമർത്തലുകൾക്കും സാക്ഷ്യം വഹിച്ചതായും കോൺഗ്രസ് ചൂണ്ടിക്കാട്ടി.കഴിഞ്ഞ 11 വർഷത്തിനിടെ 140 കോടി ജനങ്ങളിൽ ഓരോ വിഭാഗവും പ്രശ്നത്തിലാണെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.

സർക്കാർ വിമർശകരെ നിരന്തരം അധിക്ഷേപിക്കുന്നു. ഭരണകക്ഷി മനഃപൂർവം വെറുപ്പും മതഭ്രാന്തും പ്രചരിപ്പിക്കുന്നു. പ്രതിഷേധിക്കുന്ന കർഷകരെ "ഖലിസ്ഥാനികൾ" എന്ന് മുദ്രകുത്തുകയാണ്. ജാതി സെൻസസിന് വേണ്ടി വാദിക്കുന്നവരെ അര്‍ബൻ നക്സലുകൾ എന്ന് തള്ളിക്കളഞ്ഞതായും ജയ്റാം രമേശ് ഒരു പ്രസ്താവനയിൽ ആരോപിച്ചു."മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവൽക്കരിക്കുന്നു. ന്യൂനപക്ഷങ്ങൾ തങ്ങളുടെ ജീവനും സ്വത്തിനും അപായമുണ്ടാകുമെന്ന ഭയത്തോടെയാണ് ജീവിക്കുന്നത്. ദലിതരെയും മറ്റ് അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും അനുപാതമില്ലാതെ ലക്ഷ്യം വച്ചിട്ടുണ്ട്, വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന മന്ത്രിമാർക്ക് സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയ്‌ക്കെതിരായ ആക്രമണങ്ങൾ, നികുതി ഭീകരത, ബിസിനസുകളെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തൽ, മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്നിവയെല്ലാം "അപ്രഖ്യാപിത അടിയന്തരാവസ്ഥ" നിലവിലുണ്ടെന്ന് തെളിയിക്കുന്നതായി ജയ്‍റാം രമേശ് കൂട്ടിച്ചേര്‍ത്തു.

Similar Posts