< Back
India
Congress will hold constitution protection rally in all states on May
India

ഭരണഘടനാ സംരക്ഷണ റാലിയുമായി കോൺ​ഗ്രസ്; ഗുജറാത്തിൽ പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കും

Web Desk
|
19 April 2025 9:26 PM IST

'നാഷണൽ ഹെറാൾഡ് കേസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ്'.

ന്യൂഡൽഹി: ഇഡിയെ ഉപയോ​ഗിച്ചുള്ള വേട്ടയ്ക്കെതിരെ ഭരണഘടനാ സംരക്ഷണ റാലിയുമായി കോൺ​ഗ്രസ്. അടുത്തമാസം എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും റാലി നടത്താനാണ് തീരുമാനം. നാഷണൽ ഹെറാൾഡിൽ ബിജെപി നുണ പ്രചരിപ്പിക്കുകയാണെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് ഭയപ്പെടില്ലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ്. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെയുള്ളത് നുണകളുടെ കുറ്റപത്രം ആണെന്നും ജയറാം രമേശ് പറ‍ഞ്ഞു. ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.

മെയ് മൂന്നിനും 10നും ഇടയിൽ എല്ലാ ജില്ലകളിലും ഭരണഘടനാ സംരക്ഷണ റാലി നടത്തും. മെയ് 11നും 17നും ഇടയിൽ നിയോജക മണ്ഡലങ്ങളിലും റാലി സംഘടിപ്പിക്കും. മെയ് 25നും 30നും ഇടയിൽ വീടുകൾ തോറുമുള്ള പ്രചാരണം ആരംഭിക്കും. മെയ് 21നും 23നും ഇടയിൽ രാജ്യത്ത് 40 ഇടങ്ങളിൽ ഇഡി നടപടിക്കെതിരെ വാർത്താസമ്മേളനങ്ങൾ നടത്തും.

അതേസമയം, ​ഗുജറാത്തിൽ മാറ്റത്തിനുള്ള നീക്കവും കോൺ​ഗ്രസ് ആരംഭിച്ചു. അടുത്ത മാസം പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കും. അതിനായുള്ള നടപടികൾ തുടങ്ങി. ഡിസിസികളെ ശക്തിപ്പെടുത്താൻ ജില്ലകളിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാനും കോൺഗ്രസ് തീരുമാനിച്ചു.

ജനസമ്പർക്കം, ഫണ്ട് സ്വരൂപിക്കൽ എന്നിവയിലെ കേരള മോഡൽ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കും. ഡിസിസി അധ്യക്ഷമാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും അതിന് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

Similar Posts