< Back
India
KC Venugopal says congress did not fall into any trap of BJP
India

ബംഗാളിലെ സ്ഥിതി ദൗർഭാഗ്യകരം, രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടില്ല -കെ.സി വേണുഗോപാൽ

Web Desk
|
6 Jan 2024 3:51 PM IST

കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിൽ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലി പോര് രൂക്ഷമാണ്

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന കോൺഗ്രസ് നേതാവും എംപിയുമായ അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.

ഒരു സംസ്ഥാനത്തും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന അഭിപ്രായം കോൺഗ്രസിനില്ല. ബംഗാളിലെ സ്ഥിതി ദൗർഭാഗ്യകരമാണ്. അവിടത്തെ കാര്യങ്ങൾ അവർ തന്നെ ചർച്ച ചെയ്യുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഇൻഡ്യ മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിൽ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലി പോര് രൂക്ഷമാണ്. ഇതിനിടയിലാണ് പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന വാദവുമായി അധിർ രഞ്ജൻ ചൗധരി രംഗത്ത് വരുന്നത്.

ഇഡി ഉദ്യോഗസ്ഥരെ സർക്കാറിന്റെ ഗുണ്ടകൾ ആക്രമിച്ചതോടെ സംസ്ഥാനത്ത് ക്രമസമാധാനം നഷ്ടമായെന്നത് വ്യക്തമാണ്. ഇന്ന് അവർക്ക് പരിക്കേറ്റു, നാളെ അവർ കൊല്ലപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാൽ ഞാൻ അത്ഭുതപ്പെടില്ല. പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഉടൻ ഏർപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണെന്നും അധിർ രഞ്ജൻ ചൗധരി കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഇതിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. അധിർ രഞ്ജൻ ചൗധരി ബി.ജെ.പിയുടെ ഏജന്റാണെന്നാണ് അവർ തിരിച്ചടിച്ചത്.

Similar Posts