< Back
India
രാഹുൽ ഗാന്ധിക്കെതിരായ നടപടി; ട്വിറ്റർ കിളിയെ വറുത്ത് ഓഫീസിലേക്ക് അയച്ച് കോൺഗ്രസ് പ്രതിഷേധം
India

രാഹുൽ ഗാന്ധിക്കെതിരായ നടപടി; 'ട്വിറ്റർ കിളി'യെ വറുത്ത് ഓഫീസിലേക്ക് അയച്ച് കോൺഗ്രസ് പ്രതിഷേധം

Web Desk
|
17 Aug 2021 5:10 PM IST

രാഹുൽ ഗാന്ധിയുടെ ഹാന്‍ഡില്‍ ട്വിറ്റര്‍ ദിവസങ്ങളോളം ലോക്ക് ചെയ്തിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അണ്‍ലോക്ക് ചെയ്തു

രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത ട്വിറ്റർ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. 'ട്വിറ്റർ കിളി'യെ വറുത്തായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.

ആന്ധ്രാപ്രദേശിലാണ് കോൺഗ്രസ് പ്രവർത്തകരുടെ കൗതുകം നിറഞ്ഞ പ്രതിഷേധം. ട്വിറ്റർ ലോഗോയിലുള്ള പക്ഷിയെ സൂചിപ്പിച്ചാണ് പ്രതീകാത്മക നടപടി. വറുത്തെടുത്ത വിഭവം ഡൽഹിയിലെ ട്വിറ്റർ ആസ്ഥാനത്തേക്ക് കൊറിയർ ചെയ്തിട്ടുമുണ്ട്. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ലോക്ക് ചെയ്യുകയും കോൺഗ്രസുകാരുടെ ട്വീറ്റുകൾക്ക് പ്രചാരണം കൊടുക്കാതിരിക്കുകയും ചെയ്യുന്നത് തെറ്റാണെന്ന് പ്രതിഷേധത്തിന്റെ ഭാഗമായ ഒരു പ്രവർത്തകൻ പറഞ്ഞു. അതിനാൽ, ട്വിറ്റർ കിളിയെ വറുത്ത് ഡൽഹിയിലെ കമ്പനി ആസ്ഥാനത്തേക്ക് അയക്കുകയാണെന്നും ഈ വിഭവം ട്വിറ്ററിന് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകൾ ദിവസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതു വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചതിനാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ദേശീയ ശിഷു സുരക്ഷാ കമ്മീഷന്റെ നിർദേശപ്രകാരമായിരുന്നു നടപടി. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പങ്കുവച്ച മറ്റ് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും അക്കൗണ്ടുകളും ലോക്ക് ചെയ്തിരുന്നു. ഏറെ പ്രതിഷേധമുയർന്നതിനു പിറകെ പിന്നീട് അക്കൗണ്ട് അൺലോക്ക് ചെയ്തു.

Similar Posts