< Back
India
ഭരണഘടന നിൽക്കുന്നിടത്തോളംകാലം ജനങ്ങളുടെ അവകാശങ്ങളും സുരക്ഷിതമായിരിക്കും; അംബേദ്കർ ജന്മദിനത്തിൽ അഖിലേഷ് യാദവ്
India

'ഭരണഘടന നിൽക്കുന്നിടത്തോളംകാലം ജനങ്ങളുടെ അവകാശങ്ങളും സുരക്ഷിതമായിരിക്കും'; അംബേദ്കർ ജന്മദിനത്തിൽ അഖിലേഷ് യാദവ്

Web Desk
|
14 April 2025 5:20 PM IST

ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അഖിലേഷ്

ലക്‌നൗ: ബി.ആര്‍ അംബേദ്കര്‍ രാജ്യത്തിന് നല്‍കിയ സമ്മാനമാണ് ഭരണഘടനയെന്ന് സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ഭരണഘടന സുരക്ഷിതമായി നിലനിൽക്കുന്നിടത്തോളം, ജനങ്ങളുടെ അവകാശങ്ങളും സുരക്ഷിതമായി നിലനിൽക്കുമെന്നും അഖിലേഷ് പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കുന്നതിനായി 'പിഡിഎ' മുന്നേറ്റത്തെ ശക്തിപ്പെടുത്താന്‍ ജനങ്ങൾ ഒന്നിക്കണമെന്നും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ അഖിലേഷ് വ്യക്തമാക്കി. 'പിഡിഎ' എന്നാല്‍ പിന്നാക്ക വിഭാഗങ്ങൾ(backward classes), ദളിത്(Dalit), ന്യൂനപക്ഷങ്ങൾ(Alpasankhyak-Minorities) എന്നതിന്റെ ചുരുക്ക രൂപമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിഡിഎ മുന്‍നിര്‍ത്തിയുള്ള ക്യാമ്പയിന്‍ ക്ലിക്കായിരുന്നു.

'പിഡിഎ'യുടെ ഐക്യത്തിലൂടെ മാത്രമെ ഭരണഘടനയെയും സംവരണത്തെയും രക്ഷിക്കാനാകൂവെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. അംബേദ്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അംബേദ്കറേക്കുറിച്ച് നടത്തിയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്ത് എത്തി. ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോൾ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്ന് ഖാർഗെ പറഞ്ഞു. അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും ഖാർഗെ വ്യക്തമാക്കി.

ബാബാസാഹിബിനോട് കോൺഗ്രസ് ചെയ്തത് മറക്കരുതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ജീവിച്ചിരിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.

Similar Posts