< Back
India

India
ആശ്വാസം രണ്ട് മാസത്തിൽ ഒതുങ്ങി; പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും കൂട്ടി
|1 Oct 2023 6:37 AM IST
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനവ് ഉള്‍പ്പെടെ ഉയർത്തിക്കാട്ടിയാണ് ഇത്തവണ സിലിണ്ടറിന്‍റെ വില കൂട്ടിയത്.
ഡൽഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. 209 രൂപയാണ് വർധന. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.
വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തിയതി രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം വരുത്താറുണ്ട്.
കഴിഞ്ഞ രണ്ട് തവണയും വിലയിൽ കുറവ് ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനവ് ഉള്‍പ്പെടെ ഉയർത്തിക്കാട്ടിയാണ് ഇത്തവണ സിലിണ്ടറിന്‍റെ വില കൂട്ടിയത്. എന്നാൽ ഉജ്വൽ യോജനയുടെ ഭാഗമായി കൂടുതൽ തുക കണ്ടെത്താനാണ് സിലിണ്ടർ വില വർധിപ്പിച്ചതെന്നാണ് എണ്ണ കമ്പനികള്‍ അനൗദ്യോഗികമായി നൽകുന്ന വിവരം.

