< Back
India
കഫ് സിറപ്പ് മരണം;മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി കൂടി മരിച്ചു.മരണം 25 ആയി
India

കഫ് സിറപ്പ് മരണം;മധ്യപ്രദേശിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി കൂടി മരിച്ചു.മരണം 25 ആയി

Web Desk
|
16 Oct 2025 11:06 AM IST

മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് ചിന്ദ്വാര അഡീ.കലക്ടർ ദിരേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു

ഭോപ്പാൽ: രാജ്യത്ത് കഫ് സിറപ്പ് കഴിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മധ്യപ്രദേശിലാണ് മൂന്ന് വയസ്സുകാരി മരിച്ചത്. ഇതോടെ കഫ് സിറപ്പ് മരണം 25 ലേക്ക് ഉയർന്നു.

രണ്ട് ​ദിവസങ്ങൾക്ക് മുമ്പാണ് മധ്യപ്രദേശിലെ ചൗരൈ ​ഗ്രാമത്തിലെ അമ്പിക വിശ്വകർമ എന്ന മൂന്ന് വയസ്സുകാരിയെ കരൾ സംബന്ധമായ അസുഖത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ കുട്ടി മരണത്തിന് കീഴടങ്ങിയതെന്ന് ചിന്ദ്വാര അഡീ.കലക്ടർ ദിരേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു.

''കൗണ്ടറിൽ നിന്ന് നൽകിയ കഫ് സിറപ്പ് കുട്ടി കുടിച്ചിരുന്നു. ഡോക്ടർമാരാരും തന്നെ അത് കുടിക്കണമെന്ന് നിർദേശിച്ചിരുന്നില്ല. കുട്ടിയുടെ മെഡിക്കൽ റെക്കോർഡ്സ് ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.''കലക്ടർ അറിയിച്ചു. ചിന്ദ്വാരയിലെ മറ്റ് രണ്ട് കുട്ടികളെയും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതിനോടകം വ്യാജ കഫ്സിറപ്പ് കഴിച്ചതിനെ തുടർന്ന് 25 കുട്ടികളാണ് മരിച്ചത്. കോൾഡ്റിഫ് മരുന്ന് കഴിച്ച് അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണ് കൂടുതലും മരിച്ചത്. കഫ് സിറപ്പ് കഴിച്ചുള്ള മരണത്തിൽ രാജ്യവ്യാപകമായി അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിൽ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്. തുടക്കത്തിൽതന്നെ വേണ്ട നടപടികളോ പരിശോധനയോ ഉണ്ടാവാത്തതാണ് മരണസംഖ്യ കൂടാൻ കാരണമെന്ന ആരോപണം ശക്തമാണ്. വരുംദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

Similar Posts