< Back
India
Himanta Biswa Sarma

ഹിമന്ത ബിശ്വ ശർമ

India

സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം രാജ്യം ഭാരതമായി തുടരും: അസം മുഖ്യമന്ത്രി

Web Desk
|
6 Sept 2023 10:02 AM IST

ഹിന്ദു മതത്തെയും ഭാരത് എന്ന പേരിനെയും ഇല്ലാതാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന നടത്തുകയാണെന്നും ശര്‍മ ആരോപിച്ചു

ദിസ്പൂര്‍: എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ രാജ്യം ഭാരതം എന്നറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെന്നും സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം രാജ്യം ഭാരതമായി തുടരുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദു മതത്തെയും ഭാരത് എന്ന പേരിനെയും ഇല്ലാതാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഗൂഢാലോചന നടത്തുകയാണെന്നും ശര്‍മ ആരോപിച്ചു.

"ഭാരതത്തിന് സൂര്യനെയും ചന്ദ്രനെയും പോലെ പഴക്കമുണ്ട്. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം ഭാരതം നിലനിൽക്കും. എല്ലാ സംസ്ഥാനങ്ങളും അതിലെ ജനങ്ങളും രാജ്യം ഭാരതമായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നു," ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന പേരില്‍ പുറത്തുവന്ന ജി20 അത്താഴ ക്ഷണം വൈറലായതിന് പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹിമന്തയുടെ പ്രതികരണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കാൽനടയാത്രയ്ക്ക് ഇന്ത്യ ജോഡോ യാത്ര എന്നല്ല ഭാരത് ജോഡോ യാത്ര എന്ന് പേരിട്ടത് എന്തിനാണെന്ന് പ്രതിപക്ഷം പോയി ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു."ഞങ്ങൾ ഭാരതം എന്ന് പറയുമ്പോൾ അവർക്ക് പ്രശ്‌നമുണ്ട്. എന്നാൽ അവർ ഭാരത് എന്ന് പറയുമ്പോൾ അവർക്ക് പ്രശ്‌നങ്ങളൊന്നുമില്ല. കോൺഗ്രസ് ഹിന്ദുവിനും ഭാരതത്തിനും എതിരാണ്," ബി.ജെ.പി നേതാവ് പറഞ്ഞു.

ഇന്ത്യ എന്നാൽ ഭാരതം എന്ന് ഭരണഘടന വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ശർമ പറഞ്ഞു.''ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭാരതമുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ പേര് ഭാരതം എന്നായിരുന്നു. ഇപ്പോൾ ഇത് ഭാരതമാണ്, അത് ഭാരതമായി തന്നെ നിലനിൽക്കും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts