< Back
India
ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: നാലു പേര്‍ അറസ്റ്റില്‍
India

ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: നാലു പേര്‍ അറസ്റ്റില്‍

Web Desk
|
23 Oct 2022 8:23 AM IST

പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

ഓയോ ഹോട്ടൽ മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ നാലു പേര്‍ അറസ്റ്റില്‍. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങൾ ദമ്പതികള്‍ക്ക് അയച്ച് ബ്ലാക്ക് മെയിൽ ചെയ്തെന്നും പൊലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം.

വിഷ്ണു സിങ്, അബ്ദുല്‍ വഹാവ്, പങ്കജ് കുമാർ, അനുരാഗ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഓയോ മുറികൾ ബുക്ക് ചെയ്താണ് പ്രതികള്‍ ഒളിക്യാമറകൾ സ്ഥാപിച്ചിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ വീണ്ടും അതേ മുറികളില്‍ തിരിച്ചെത്തി ക്യാമറകൾ തിരിച്ചെടുക്കുകയാണ് പതിവ്. തങ്ങളുടെ ദൃശ്യങ്ങള്‍ ഫോണിലേക്ക് അയച്ചുനല്‍കി പണം ആവശ്യപ്പെട്ടെന്ന് ഒരു യുവതിയും യുവാവും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ അനധികൃത കോൾ സെന്‍റര്‍ നടത്തിയിരുന്നുവെന്നും വ്യാജ സിം കാർഡുകള്‍ വിതരണം ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. 11 ലാപ്‌ടോപ്പുകൾ, 21 മൊബൈല്‍ ഫോണുകള്‍, 22 എടിഎം കാർഡുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പ്രതികളായ വിഷ്ണു സിങ്ങും അബ്ദുല്‍ വഹാവുമാണ് യുവതീയുവാക്കളുടെ ഫോണിലേക്ക് സ്വകാര്യ ദൃശ്യങ്ങള്‍ അയച്ച് പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നാം പ്രതിയായ പങ്കജാണ് പണമിടേണ്ട അക്കൌണ്ട് നമ്പര്‍ നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഘത്തിലെ ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

Similar Posts