< Back
India
ക്ഷമ നശിക്കുന്നു: ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വാദങ്ങൾ ഉടന്‍ അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി
India

'ക്ഷമ നശിക്കുന്നു': ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വാദങ്ങൾ ഉടന്‍ അവസാനിപ്പിക്കണമെന്ന് സുപ്രിം കോടതി

Web Desk
|
22 Sept 2022 11:45 AM IST

വ്യാഴാഴ്ച ഒരു മണിക്കൂറിനുള്ളിൽ വാദം തീർക്കണമെന്നും കോടതി നിർദേശിച്ചു

ന്യൂഡൽഹി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങൾ ഉടന്‍ തീർക്കണമെന്ന് സുപ്രിംകോടതി. ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഒരു സംഘം സമർപ്പിച്ച ഹരജിയിൽ ഒമ്പതുദിവസമായി സുപ്രിംകോടതിയിൽ വാദം നടക്കുകയാണ്. ഹരജിക്കാരുടെ അഭിഭാഷകനോട് വ്യാഴാഴ്ച ഒരു മണിക്കൂറിനുള്ളിൽ വാദം തീർക്കണമെന്നും കോടതി നിർദേശിച്ചു.

'ഞങ്ങൾക്ക് ക്ഷമ നഷ്ടപ്പെടുന്നു. ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഒരു മണിക്കൂർ സമയം തരാം. അതിനുള്ളിൽ വാദം മുഴുവൻ പൂർത്തിയാക്കണം. ഇപ്പോൾ നടക്കുന്നത് അധിക ഹിയറിങ്ങാണെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹമ്മദിയാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

ക്ഷമയോടെ ഞങ്ങളുടെ വാക്കുകൾ കേട്ട ജസ്റ്റിസുമാരെ അഭിനന്ദിക്കുന്നതായി ഹുസേഫ അഹമ്മദ് പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് വേറെ വഴിയുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന് സരമായി കേസ് പരിഗണിച്ച ബെഞ്ചും തിരിച്ചു ചോദിച്ചു.

വ്യാഴാഴ്ച ഒരു മണിക്കൂർ സമയം നൽകുമെന്ന് നിരീക്ഷിച്ച ബെഞ്ച് ഇനി അതിനപ്പുറം പോകാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. കർണാടകയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, കർണാടക അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് കെ നവദ്ഗി, അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് എന്നിവർ വാദിച്ചപ്പോൾ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, സൽമാൻ ഖുർഷിദ് എന്നിവർ ഹരജിക്കാർക്ക് വേണ്ടിയും ഹാജരായി.

Similar Posts