< Back
India
Court banned controversial Dussehra event that had planned to replace Ravana with effigies of 11 accused women

Photo| Special Arrangement

India

രാവണന് പകരം ക്രിമിനൽ കേസ് പ്രതികളായ സ്ത്രീകളുടെ കോലം കത്തിക്കാൻ പദ്ധതി; വിവാദ ദസറ ആഘോഷം തടഞ്ഞ് കോടതി

Web Desk
|
28 Sept 2025 7:20 PM IST

മേഘാലയയിലെ ഹണിമൂൺ കൊലപാതകക്കേസ് പ്രതിയായ സോനം രഘുവൻഷിയും മീററ്റിലെ കൊലക്കേസിൽ പ്രതിയായ മുസ്കാനും ഈ സ്ത്രീകളിൽ ഉൾപ്പെടുന്നു.

ഭോപ്പാൽ: രാവണന് പകരം ക്രിമിനൽ കേസ് പ്രതികളായ 11 സ്ത്രീകളുടെ കോലം കത്തിക്കാൻ പദ്ധതിയിട്ട വിവാദ ദസറ ആഘോഷത്തിന് വിലക്കേർപ്പെടുത്തി മധ്യപ്രദേശ് ഹൈക്കോടതി. ഭരണഘടനാവിരുദ്ധവും ജനാധിപത്യ തത്വങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന്റെ നടപടി.

ഭാര്യാ പീഡനത്തിന് ഇരയായവരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇൻഡോറിലെ പുരുഷാവകാശ സംഘടനയായ 'പൗരുഷ്' ആണ് 'ശൂർപ്പണഖ ദഹൻ' എന്ന പേരിലുള്ള പരിപാടി സംഘടിപ്പിച്ചത്. വഞ്ചന. മയക്കുമരുന്ന് കടത്ത് മുതൽ കൊലപാതകം വരെയുള്ള കേസുകളിൽ പ്രതികളായ സ്ത്രീകളുടെ ചിത്രങ്ങൾ വച്ചുള്ള കൂറ്റൻ പ്രതിമയാണ് സംഘടന കത്തിക്കാൻ തീരുമാനിച്ചിരുന്നത്.

ഇവരിൽ, മേഘാലയയിൽ ഭർത്താവ് രാജയെ കൊലപ്പെടുത്തിയ കേസിൽ (ഹണിമൂൺ കൊലപാതകക്കേസ്) പ്രതിയായ സോനം രഘുവൻഷിയും മീററ്റിലെ കൊലപാതകക്കേസിൽ പ്രതിയായ മുസ്കാനും ഉൾപ്പെടുന്നു. സംഘടനയുടെ നടപടിക്കെതിരെ സോനത്തിന്റെ മാതാവ് സം​ഗീത രഘുവൻഷിയുടെ മാതാവ് ഹരജി നൽകിയതോടെയാണ് കോടതി ഇടപെട്ടത്. തന്റെ മകൾ പ്രതിയായ കേസ് വിചാരണാ ഘട്ടത്തിലാണെന്നും കുറ്റക്കാരിയെന്ന് വിധിച്ചിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.

ഈ സാഹചര്യത്തിൽ മകളുടെ കോലം കത്തിക്കുന്നത് മാനഹാനിയുണ്ടാക്കുന്നതാണെന്നും മാനസികപീഡനത്തിന്റെ പരിധിയിൽ വരുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് പരി​ഗണിച്ചാണ് കോടതി ഉത്തരവ്. 'ഒരാൾ ക്രിമിനൽ കേസ് നേരിടുന്നവരാണെങ്കിൽ പോലും അയാളുടെ കോലം കത്തിക്കുന്നതും പരസ്യമായി അവരുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നതും ഭരണഘടനയ്ക്കും നിയമത്തിനും എതിരാണ്'- എന്ന് കോടതി നിരീക്ഷിച്ചു.

ഇത്തരം സാങ്കൽപ്പിക ശിക്ഷകൾ പൂർണമായും ജനാധിപത്യത്തിൽ അസ്വീകാര്യമാണെന്നും കോടതി വ്യക്തമാക്കി. പരിപാടിക്കെതിരെ രഘുവൻഷി സമുദായവും എതിർപ്പുമായി രം​ഗത്തെത്തിയിരുന്നു. കോലം കത്തിക്കൽ നടപടി തടയണമെന്നാവശ്യപ്പെട്ട് സോനത്തിന്റെ സഹോദരൻ ​ഗോവിന്ദ് ഇൻഡോർ കലക്ടർ ശിവം വർമയ്ക്കും പരാതി നൽകി. രാജയുടെ കുടുംബത്തോട് ആദ്യം സഹതാപം പ്രകടിപ്പിച്ച ഗോവിന്ദ് പിന്നീട് നിലപാട് മാറ്റി സഹോദരിക്ക് ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഒരു സ്ത്രീയെയും അപമാനിക്കുക എന്നതല്ല, മറിച്ച് തിന്മയ്ക്ക് ലിംഗഭേദമില്ലെന്ന് അറിയിക്കുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യമെന്ന് പൗരുഷിന്റെ പ്രസിഡന്റ് അശോക് ദശോര പറഞ്ഞു. ഇന്നത്തെ സമൂഹം ആധുനിക ശൂർപ്പണഖകളെ നേരിടണമെന്നും അശോക് പറഞ്ഞു.

നീതിപീഠത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. പരിപാടിക്ക് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ കോലം കത്തിക്കില്ല. സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അശോക് പ്രതികരിച്ചു. ശ്രീരാമൻ രാവണനുമേൽ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ദസറ. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്.

Similar Posts