
ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഷെഹലാ റാഷിദിന് എതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കാൻ കോടതി അനുമതി
|കശ്മീരിലെ ക്രമസമാധാനം മെച്ചപ്പെടുത്തിയതിൽ മോദി സർക്കാരിനെ ഷെഹല പ്രശംസിച്ചിരുന്നു. തുടർന്നാണ് കേസ് പിൻവലിക്കാൻ ഡൽഹി പൊലീസ് തീരുമാനം.
ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ വൈസ് പസിഡന്റ് ഷെഹല റാഷിദിന് എതിരായ രാജ്യദ്രോഹക്കേസ് പിൻവലിക്കുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി പൊലീസിന്റെ അപേക്ഷ കോടതി സ്വീകരിച്ചു. ഷെഹലയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന പിൻവലിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനൂജ് കുമാർ സിങ് ഫെബ്രുവരി 27നാണ് കേസ് റദ്ദാക്കാൻ അനുമതി നൽകിയത്.
ജെഎൻയു വിദ്യാർഥി നേതാവായിരിക്കെ 2019 സെപ്റ്റംബറിലാണ് ഇന്ത്യൻ സൈന്യത്തെ കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഷെഹലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രൂപപ്പെട്ട പ്രത്യേക സാഹചര്യത്തിൽ താഴ്‌വരയിലെ കുട്ടികൾക്കും യുവാക്കൾക്കും നേരെ സായുധ സേന അതിക്രമം നടത്തിയെന്ന് ഷെഹല ട്വീറ്റ് ചെയ്തിരുന്നു. 2019 ആഗസ്റ്റ് 18നായിരുന്നു ഷെഹലയുടെ ട്വീറ്റ്.

ഇതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. രാജ്യദ്രോഹം, വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കേസ് പിന്നീട് സ്‌പെഷ്യൽ സെല്ലിലേക്ക് മാറ്റുകയും ലഫ്റ്റനന്റ് ഗവർണർ ഷെഹലയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഷെഹല ബിജെപിക്കും മോദി സർക്കാരിനും എതിരായ നിലപാടുകൾ മാറ്റി. മോദി സർക്കാരിന് കീഴിൽ കശ്മീരിലെ മനുഷ്യാവകാശവും ക്രമസമാധാനവും മെച്ചപ്പെട്ടെന്ന് ഷെഹല 2023 ആഗസ്റ്റ് 15ന് ട്വീറ്റ് ചെയ്തു. ജെഎൻയുവിൽ ഷെഹലയുടെ സഹപ്രവർത്തകരായിരുന്ന ഉമർ ഖാലിദ് അടക്കമുള്ളവർ ജയിലിൽ കഴിയുമ്പോഴാണ് ഷെഹലക്കെതിരായ കേസ് ഡൽഹി പൊലീസ് റദ്ദാക്കുന്നത്.