< Back
India
ഭർത്താവിനെ വെടിവെച്ച് വീഴ്ത്തി വീട്ടിലിരുത്തി; ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി തള്ളി കോടതി
India

ഭർത്താവിനെ വെടിവെച്ച് വീഴ്ത്തി വീട്ടിലിരുത്തി; ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി തള്ളി കോടതി

ലാൽകുമാർ
|
24 Jan 2026 10:25 AM IST

ഭാര്യയുടെ പ്രവൃത്തി ഭർത്താവിന്റെ സമ്പാദ്യശേഷിയെ ബാധിച്ചാൽ ജീവനാംശം അവകാശപ്പെടാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു

പ്രയാഗ്‌രാജ്: ഭാര്യയുടെ പ്രവൃത്തി ഭർത്താവിന്റെ സമ്പാദ്യശേഷിയെ ബാധിച്ചാൽ ഭർത്താവിൽ നിന്ന് ജീവനാംശം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ക്ലിനിക്കിൽ ഉണ്ടായ സംഘർഷത്തിനിടെ സഹോദരീ ഭർത്താവിന്റെയും ഭാര്യാപിതാവിന്റെയും വെടിയേറ്റ ഹോമിയോപ്പതി ഡോക്ടറായ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് യുവതി സമർപ്പിച്ച പുനഃപരിശോധനാ ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ നൽകിയ അപേക്ഷ തള്ളിയ കുശിനഗർ കുടുംബ കോടതി‌ വിധി ശരിവച്ച ജസ്റ്റിസ് ലക്ഷ്മി കാന്ത് ശുക്ല, അത്തരമൊരു സാഹചര്യത്തിൽ ജീവനാംശം നൽകുന്നത് ഗുരുതരമായ അനീതിക്ക് കാരണമാകുമെന്നും നിരീക്ഷിച്ചു. ഭാര്യയുടെ കുടുംബത്തിന്റെ ക്രിമിനൽ പ്രവൃത്തികൾ മൂലം ഭർത്താവായ വേദ് പ്രകാശ് സിങിന് വരുമാന ശേഷി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യം മുൻനിർത്തിയാണ് കണ്ടെത്തൽ.

ഭാര്യയുടെ സഹോദരനും പിതാവും ചേർന്ന് ക്ലിനിക്കിൽ വെച്ച് വെടിവെച്ചതായും, തുടർന്ന് ഭാര്യയ്ക്ക് വേണ്ടി സമ്പാദിക്കാനോ ജീവനാംശം നൽകാനോ കഴിഞ്ഞില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു. ഭർത്താവിന്റെ നട്ടെല്ലിൽ പെല്ലറ്റ് അവശിഷ്ടം ഉണ്ടെന്നും അത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തിയാൽ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് അദ്ദേഹത്തിന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

"ഇന്ത്യൻ സമൂഹം പൊതുവെ, ഭർത്താവ് ജോലി ചെയ്ത് കുടുംബം പുലർത്തണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും, ഈ കേസിൽ സവിശേഷമായ സാഹചര്യങ്ങളാണെന്ന്" കോടതി നിരീക്ഷിച്ചു.

"ഭാര്യയെ പരിപാലിക്കേണ്ടത് ഭർത്താവിന്റെ കടമയാണെങ്കിലും, ഒരു കോടതിയും ഭാര്യയുടെ മേൽ അത്തരമൊരു നിയമപരമായ കടമ ചുമത്തിയിട്ടില്ല എന്നത് ബോധ്യപ്പെട്ടിരിക്കുന്നു." കേസിന്റെ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, പ്രഥമദൃഷ്ട്യാ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റം എതിർ കക്ഷിയെ ഉപജീവനമാർഗം കണ്ടെത്തുന്നതിൽ നിന്ന് തടയുന്നുവെന്ന് കോടതി പറഞ്ഞു.

"ഒരു ഭാര്യ സ്വന്തം പ്രവൃത്തികളാലോ ഒഴിവാക്കലുകളാലോ ഭർത്താവിന്റെ സമ്പാദ്യശേഷി ഇല്ലാതാവാൻ കാരണമാകുകയോ, അതിനായി സംഭാവന നൽകുകയോ ചെയ്താൽ, അത്തരമൊരു സാഹചര്യം കണക്കിലെടുത്ത് ജീവനാംശം അനുവദിക്കാനാവില്ല.

ഇത്തരം സാഹചര്യങ്ങളിൽ ജീവനാംശം നൽകുന്നത് ഭർത്താവിനോട് ചെയ്യുന്ന കടുത്ത അനീതിക്ക് കാരണമാകും, കൂടാതെ രേഖയിൽ നിന്ന് ഉയർന്നുവരുന്ന യാഥാർത്ഥ്യത്തിൽ നിന്ന് കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല," അലഹബാദ് ഹൈക്കോടതി കൂട്ടിച്ചേർത്തു.

Similar Posts