
സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്നു; കേസുകളില്‍ ജാഗ്രത വേണമെന്ന് സുപ്രിംകോടതി
|ജസ്റ്റിസ് ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ന്യൂഡൽഹി: സ്ത്രീധന നിരോധനനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത വിമർശനവുമായി സുപ്രിംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍തൃ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കേസുകള്‍ നല്‍കുന്നുവെന്നുമാണ് സുപ്രിംകോടതിയുടെ വിമര്‍ശനം. സ്ത്രീധന പീഡന കേസുകള്‍ തീര്‍പ്പാക്കുമ്പോള്‍ നിരപരാധികളെ അനാവശ്യമായി ഉപദ്രവിക്കുന്നതില്‍ കോടതികള്‍ക്ക് ജാഗ്രത വേണമെന്നും സുപ്രിംകോടതി വ്യക്തമക്കി.
തമിഴ്നാട് ജോളാർപേട്ടിലെ റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും കുടുംബത്തിനും എതിരെ ഭാര്യ നൽകിയ കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് ബി.വി നാഗരത്ന, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
'ഗാർഹിക തർക്ക കേസുകൾ രാജ്യത്ത് വർധിക്കുന്നുണ്ട്. എന്നാൽ ചിലർ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെയുള്ള വൈരാഗ്യം തീർക്കാൻ നിയമം ഉപയോഗിക്കരുത്. വ്യക്തമായ തെളിവുകൾ ഇല്ലാതെ പലപ്പോഴും കേസ് എടുക്കാറുണ്ട്. ഇത് അനുവദിക്കാനാകില്ല. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് പല നിയമങ്ങളും രാജ്യത്ത് നടപ്പാക്കുന്നത്. എന്നാൽ ഇത് മറ്റുള്ളവർക്ക് അനീതിയായി മാറാൻ പാടില്ല. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണം' എന്ന് കോടതി വ്യക്തമാക്കി.
ബെംഗളൂരുവില്‍ വ്യാജ സ്ത്രീധനപീഡന ആരോപണത്തിൽ അതുൽ സുഭാഷ് എന്ന 34കാരൻ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അതുല്‍ സുഭാഷ് 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ റെക്കോര്‍ഡ് ചെയ്തു. അകന്നു കഴിയുകയായിരുന്ന ഭാര്യ യുവാവിനും കുടുംബത്തിനുമെതിരെ ഒന്നിലധികം കേസുകള്‍ ചുമത്തി പണം തട്ടുന്നുവെന്നും യുവാവ് വീഡിയോയില്‍ ആരോപിച്ചിരുന്നു. 24 പേജുള്ള ആത്മഹത്യാ കുറിപ്പില്‍ നീതിന്യായ വ്യവസ്ഥയെയും അതുല്‍ വിമര്‍ശിച്ചിരുന്നു.