< Back
India
CPI Leader Takes Mud-Bath In Unique Style Protest As Maharashtra Faces Waterlogging Issues
India

വെള്ളക്കെട്ടിനെതിരെ വേറിട്ട പ്രതിഷേധം; നടുറോഡിൽ ചെളിയിൽ കുളിച്ച് സി.പി.ഐ നേതാവ്

Web Desk
|
21 Aug 2024 3:47 PM IST

തുടർച്ചയായ മഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

പൂനെ: കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതോടെ നടപടിയില്ലാത്ത അധികൃതരുടെ നിലപാടിനെതിരെ വേറിട്ട പ്രതിഷേധവുമായി സി.പി.ഐ നേതാവ്. റോഡിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച് ചെളിവെള്ളത്തിൽ കുളിച്ചായിരുന്നു പ്രതിഷേധം. മഹാരാഷ്ട്ര അഹമ്മദ്‌നഗർ ജില്ലയിലെ സി.പി.ഐ നേതാവ് സഞ്ജയ് നംഗ്രെയാണ് ഷെവ്‌ഗാവിൽ റോഡിൽ പ്രതിഷേധിച്ചത്.

തുടർച്ചയായ മഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചതോടെയാണ് ഇത്തരമൊരു പ്രതിഷേധവുമായി സഞ്ജയ് നം​ഗ്രെ രം​ഗത്തിറങ്ങിയത്. റോഡിന് നടുവിലെ വെള്ളത്തിൽ കുത്തിയിരുന്ന് ചെളിവെള്ളം ദേഹത്തൊഴിക്കുകയും യാത്രക്കാരെ കൊണ്ട് ഒഴിപ്പിക്കുകയും ചെയ്യുന്ന നം​ഗ്രെയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തുടർച്ചയായ വെള്ളക്കെട്ടും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അതെത്രയും വേഗം പരിഹരിക്കുകയും ചെയ്യുക എന്നതായിരുന്നു തന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് സഞ്ജയ് നംഗ്രെ പറഞ്ഞു.

അതേസമയം, പൂനെയിൽ ശക്തമായ മഴ തുടരുകയാണ്. പൂനെയിൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ച കാലാവസ്ഥാ വകുപ്പ് അടുത്ത മൂന്നു നാല് ദിവസത്തേക്ക് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Similar Posts