< Back
India
CPM central leadership will not interfere in PM Shri Scheme D Raja expresses dissatisfaction

Photo| MediaOne

India

പിഎം ശ്രീയിൽ ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം; അതൃപ്തി അറിയിച്ച് ഡി. രാജ; പന്ത് വീണ്ടും സംസ്ഥാന ഘടകത്തിന്റെ കോർട്ടിൽ

Web Desk
|
25 Oct 2025 3:55 PM IST

സിപിഎം മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന് രാജ പറഞ്ഞു. നടപടി പാർട്ടി നയത്തിന് വിരുദ്ധമെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

ന്യൂ‍ഡൽഹി: സംസ്ഥാന സർക്കാർ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയിൽ ഇടപെടില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. വിഷയത്തിൽ സിപിഎം ദേശീയ നേതൃത്വം ഇടപെടണം എന്നായിരുന്നു സിപിഐ ആവശ്യമെങ്കിലും സംസ്ഥാന തലത്തിൽ ചർച്ച നടത്തി പരിഹാരം കാണട്ടെ എന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ നിലപാട്.

പദ്ധതിയിൽ സംസ്ഥാനത്തിൻ്റെ നിലപാടിനെ ന്യായീകരിച്ച് രം​ഗത്തെത്തിയ എംഎ ബേബി, പിഎം ഉഷ കേരളത്തിൽ നടപ്പാക്കിയതാണെന്നും ഒരു പ്രശ്നവും ഉണ്ടായില്ലെന്നും പിഎം ശ്രീയിൽ ഇരു പാർട്ടികളും സംസ്ഥാന തലത്തിൽ ഒരുമിച്ച് ചർച്ച നടത്തണമെന്നും പ്രതികരിച്ചു. ഡ‍ൽ​ഹി എകെജി ഭവനിൽ സിപിഐ ജനറൽ സെക്രട്ടറിയുമായിനടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എം.എ ബേബി നിലപാടറിയിച്ചത്.

'കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ വർഗീയതയുടെ പിടിയിൽപെടാതെ തടുത്തുനിർത്താൻ കഴിയുമെന്ന ഉറപ്പോടെയാണ് പദ്ധതിയിൽ ഒപ്പിട്ടിരിക്കുന്നത്. എന്നാൽ ഇതിൽ സിപിഐയ്ക്ക് ഉത്കണ്ഠയുണ്ട്. അതിനെക്കുറിച്ച് ബിനോയ് വിശ്വം പത്രസമ്മേളനം നടത്തി പറഞ്ഞു. ഒരുമിച്ച് ചർച്ച ചെയ്ത് പരിഹാരം കാണാൻ ശ്രമിക്കേണ്ടതാണ്'- ബേബി കൂട്ടിച്ചേർത്തു. എന്നാൽ, കരാർ ഒപ്പിടുന്നത് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ബേബി ഒഴിഞ്ഞു മാറി.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ സിപിഐയുടെ അതൃപ്തി കൂടിക്കാഴ്ചയിൽ ഡി. രാജ അറിയിച്ചു. സിപിഎം മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന് രാജ പറഞ്ഞു. നടപടി പാർട്ടി നയത്തിന് വിരുദ്ധമെന്നും രാജ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. പ്രശ്നം ഇരു പാർട്ടികളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഡി. രാജ അറിയിച്ചു.

ദേശീയവിദ്യാഭ്യാസ നയത്തെ സിപിഎമ്മും സിപിഐയും എതിർക്കുന്നു. അങ്ങനെയുള്ള സിപിഎം ധാരണാപത്രത്തിൽ ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന് ഡി. രാജ ചോദിച്ചു. ‌വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെയും കേന്ദ്രീയവത്കരിക്കുന്നതിനെയും എതിർക്കുന്ന പാർട്ടികളാണ് സിപിഐയും സിപിഎമ്മും. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്. പ്രശ്നപരിഹാരത്തെ പറ്റിയാണ് ചർച്ച ചെയ്‌തത്.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് എംഒയു ഒപ്പുവച്ചതെന്ന എം.എ ബേബിയുടെ അവകാശവാദത്തിലും ഡി. രാജ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ തമിഴ്നാട് സർക്കാർ കോടതിയിൽ പോയി. അവർക്ക് തുക കോടതിയുടെ ഇടപെടലിലൂടെ ലഭിച്ചു. കേരളത്തിനും കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്നും രാജ ചോദിച്ചു.

പിഎം ശ്രീയിൽ ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കണമെന്നും പദ്ധതിയിൽ നിന്ന് കേരളം പിന്നോട്ടുപോകണമെന്നുമാണ് സിപിഐ ആവശ്യം. മുന്നണി മര്യാദകൾ ലംഘിച്ചാണ് സിപിഎം ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും സിപിഐ മന്ത്രിമാർ പോലും അറിഞ്ഞില്ല എന്നത് പാർട്ടിയെ അപമാനിക്കുന്നതാണെന്നുമാണ് വിലയിരുത്തൽ. ഇക്കാര്യം അറിയിക്കാനാണ് രാജ എം.എ ബേബിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ സിപിഎം കേന്ദ്രനേതൃത്വം സിപിഐയെ കൈയൊഴിഞ്ഞതോടെ പന്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ കോർട്ടിൽ എത്തിയിരിക്കുകയാണ്.



Similar Posts