< Back
India
Customer Receives Thomson TV

ആര്യന് ലഭിച്ച സോണി ടിവിയുടെ കവര്‍

India

ഒരു ലക്ഷം രൂപ വിലയുള്ള സോണി ടിവിക്ക് പകരം ഉപഭോക്താവിന് ലഭിച്ചത് തോംസണ്‍ ടിവി; ഫ്ലിപ്കാര്‍ട്ടിന്‍റെ പ്രതികരണം ഇങ്ങനെ

Web Desk
|
26 Oct 2023 1:54 PM IST

ലോകകപ്പ് ക്രിക്കറ്റ് വലിയ സ്ക്രീനില്‍ ആസ്വദിക്കുന്നതിനായി ഒരു സോണി ടിവി വാങ്ങുക എന്നത് ആര്യന്‍റെ സ്വപ്നമായിരുന്നു

ഡല്‍ഹി: ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അവ മാറി മറ്റു പലതും ഉപഭോക്താവിന് ലഭിക്കുന്നത് ഒരു പുതിയ സംഭവമല്ല. ഫോണിന് പകരം സോപ്പും ലാപ്ടോപിന് പകരം കല്ലുമൊക്കെ ലഭിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തില്‍ ഓര്‍ഡര്‍ ചെയ്ത ഒരു ലക്ഷം രൂപ വിലയുള്ള സോണി ടിവിക്ക് പകരം തോംസണ്‍ കമ്പനിയുടെ ടെലിവിഷനാണ് തനിക്ക് ലഭിച്ചതെന്ന് ഒരാള്‍ അവകാശപ്പെട്ടു. ആര്യന്‍ എന്ന ഉപഭോക്താവ് ഇതിന്‍റെ ചിത്രങ്ങള്‍ എക്സില്‍ പങ്കുവച്ചിട്ടുണ്ട്.

ലോകകപ്പ് ക്രിക്കറ്റ് വലിയ സ്ക്രീനില്‍ ആസ്വദിക്കുന്നതിനായി ഒരു സോണി ടിവി വാങ്ങുക എന്നത് ആര്യന്‍റെ സ്വപ്നമായിരുന്നു. അതിനായി ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡേയ്സിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈനില്‍ ടിവി ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കയ്യില്‍ കിട്ടിയത് മറ്റൊരു ബ്രാന്‍ഡിന്‍റെ കുറഞ്ഞ വിലയിലുള്ള ടിവിയാണ്. ''ഒക്ടോബര്‍ 7ന് ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ഒരു സോണി ടിവി ഓര്‍ഡര്‍ ചെയ്തു. 11ന് ടിവി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആള് വന്നു. അദ്ദേഹം തന്നെ ടിവി അണ്‍ബോക്സ് ചെയ്തു. സോണിയുടെ ബോക്സിനുള്ളില്‍ തോംസണ്‍ കമ്പനിയുടെ ടെലിവിഷനാണ് ഉണ്ടായിരുന്നത്. ടിവി സ്റ്റാന്‍ഡും റിമോട്ടും ഉണ്ടായിരുന്നു'' ആര്യന്‍ കുറിച്ചു. താൻ ഉടൻ തന്നെ ഫ്ലിപ്പ്കാർട്ടിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും പരിഹാരമായില്ലെന്നും അദ്ദേഹം പറയുന്നു.

''ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയറിൽ ഞാൻ ഈ പ്രശ്നം ഉടനടി ഉന്നയിച്ചു. അവർ എന്നോട് ടിവിയുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. നിർദേശിച്ച പ്രകാരം ഞാൻ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തു, എന്നിട്ടും, അവർ എന്നോട് രണ്ട് മൂന്ന് തവണ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു,ഞാനങ്ങനെ ചെയ്തു'' ആര്യന്‍റെ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായില്ലെന്ന് ആര്യന്‍ വ്യക്തമാക്കി. ഫ്ലിപ്കാര്‍ട്ടിന്‍റെ പ്രതികരണം തന്നെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടുവെന്നും ശരിക്കും അസഹനീയമാണെന്നും ദയവായി സഹായിക്കൂവെന്നും ആര്യന്‍ അഭ്യര്‍ഥിച്ചു. ആര്യന്‍റെ ട്വീറ്റ് വൈറലായതോടെ കമ്പനി പ്രതികരണവുമായി രംഗത്തെത്തി. ''ടിവി റിട്ടേണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ സമീപനത്തിന് നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പ്രശ്നം പരിഹരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ദയവായി നിങ്ങളുടെ ഓര്‍ഡര്‍ വിശദാംശങ്ങള്‍ മെസേജ് ചെയ്യുക. അതു രഹസ്യമായിരിക്കും'' കമ്പനി കുറിച്ചു.

Related Tags :
Similar Posts