< Back
India
എന്റെ കഴുത്ത് വെട്ടിക്കോളൂ, വോട്ടർമാരുടെ പേര് വെട്ടരുത് ; ഇലക്ഷൻ കമീഷനോട് മമത ബാനർജി
India

'എന്റെ കഴുത്ത് വെട്ടിക്കോളൂ, വോട്ടർമാരുടെ പേര് വെട്ടരുത് '; ഇലക്ഷൻ കമീഷനോട് മമത ബാനർജി

Web Desk
|
11 Nov 2025 6:47 PM IST

' ഇലക്ഷൻ കമീഷൻ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് സർക്കാറിന് വേണ്ടിയുള്ളതല്ല' എന്ന ടി.എൻ ശേഷന്റെ വാക്കുകളാണ് ഓർക്കുന്നതെന്ന് മമത ബാനർജി

കൊൽക്കത്ത: നിലവിൽ നടക്കുന്ന എസ്‌ഐആർ പ്രവർത്തനങ്ങൾ വോട്ട് ബന്ദിയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യഥാർത്ഥവോട്ടർമാരുടെ വോട്ടവകാശം സംരക്ഷിക്കാൻ ഏതറ്റം വരെയും പോവും. എന്റെ കഴുത്ത് വെട്ടിയാലും യഥാർത്ഥ വോട്ടർമാരുടെ പേര് വെട്ടരുതെന്നും മമതബാനർജി പറഞ്ഞു. എസ്‌ഐആർ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് നിർത്തിവെക്കണമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യഥാർത്ഥവോട്ടർമാർക്കെല്ലാം അന്തിമപട്ടികയിൽ ഇടം കിട്ടിയില്ലെങ്കിൽ ബിഹാറിൽ നടപ്പാക്കിയപോലെ ബംഗാളിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കണ്ട എന്നും ഇലക്ഷനോട് മമത പറഞ്ഞു.'മുൻ തെരഞ്ഞെടുപ്പ് കമീഷ്ണർ ടി.എൻ.ശേഷന്റെ വാക്കുകളാണ് ഞാനിപ്പോൾ ഓർക്കുന്നത്. ഇലക്ഷൻ കമീഷൻ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് സർക്കാറിന് വേണ്ടിയുള്ളതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴുള്ളവർ യെസ് സാർ, യെസ് സാർ എന്ന് പറയുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും' മമത ബാനർജി പറഞ്ഞു.

ബിജെപിയുടെ നിർദേശങ്ങൾ പാലിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെ അനുവദിക്കില്ല. ഇത് പറഞ്ഞതിന് നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? എന്നെ ജയിലിലേക്ക് അയയ്ക്കുക, ഏജൻസികളെ എന്റെ പിന്നാലെ അയയ്ക്കുക, എന്റെ വോട്ടവകാശം ഇല്ലാതാക്കുക, എന്റെ കഴുത്ത് അറുക്കുക. പക്ഷേ, ജനങ്ങളെ പീഡിപ്പിക്കരുത്, അവരുടെ വോട്ടവകാശം ഇല്ലാതാക്കരുത്. നോട്ട് നിരോധനം നോട്ട് ബന്ദിയാണെങ്കിൽ എസ്‌ഐആർ വോട്ട് ബന്ദിയാണെന്നും കേന്ദ്രസർക്കാർ എസ്‌ഐആറിന്റെ പേരിൽ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും മമത പറഞ്ഞു.

Similar Posts