< Back
India
ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്;  ജാഗ്രതാ നിർദേശം, കേരളത്തിൽ താപനില കുറഞ്ഞു
India

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; ജാഗ്രതാ നിർദേശം, കേരളത്തിൽ താപനില കുറഞ്ഞു

Web Desk
|
29 Nov 2025 7:57 PM IST

പുതുച്ചേരി, ആന്ധ്ര തീരങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്

കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിൽശ്രീലങ്കയിൽ കനത്ത നാശനഷ്ടം. മരണസംഖ്യ നൂറ് കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് തമിഴ്നാട് തീരത്ത് എത്തിയേക്കും.

ശനിയാഴ്ച രാത്രിയോടെ ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുച്ചേരി, ആന്ധ്ര തീരങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മിന്നല്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലുമാണ് ശ്രീലങ്കയിൽ നൂറിലേറെ പേർ മരിച്ചത്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. രണ്ടു ലക്ഷത്തിലധികം പേർ ദുരിതബാധിതരായി. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ നഗരം പ്രളയഭീതിയിലാണ്.

രാജ്യത്ത്‌ മിക്ക സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. കൊളംബോ തുറമുഖം താത്കാലികമായി അടച്ചു. 700ലധികം വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. സഹായവുമായി ഇന്ത്യൻ കപ്പലുകൾ ശ്രീലങ്കൻ തീരത്ത് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

'ഓപ്പറേഷൻ സാഗർ ബന്ധു' എന്ന ദൗത്യത്തിൽ ദുരിതാശ്വാസ സാമഗ്രികളാണ് എത്തിച്ചിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തും രംഗത്തുണ്ട്.


Similar Posts