
കന്നുകാലികൾ വയലിൽ മേഞ്ഞതിന് പരാതി പറഞ്ഞു; ഉത്തർപ്രദേശിൽ ദലിത് കുടുംബത്തെ ജാതി അധിക്ഷേപം നടത്തി മർദിച്ചു
|വയലിൽ കൃഷി ചെയ്തിരുന്ന ദീപക് എന്നയാളെയും കുടുംബത്തെയുമാണ് രാജാറാം യാദവും കൂട്ടരും ഇരുമ്പ് വടികൾ ഉപയോഗിച്ച് മർദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തത്
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ഭാദോഹിയിൽ കന്നുകാലി മേയ്ക്കലിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ദലിത് കുടുംബത്തെ ക്രൂരമായി മർദിച്ചതായി പരാതി. വയലിൽ കൃഷി ചെയ്തിരുന്ന ദീപക് എന്നയാളെയും കുടുംബത്തെയുമാണ് രാജാറാം യാദവും കൂട്ടരും ഇരുമ്പ് വടികൾ ഉപയോഗിച്ച് മർദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തത്. ഊഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അനിച്ച് ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മറ്റൊരുളുടെ വയലിൽ കൃഷി ചെയ്യുന്ന ദീപക് കുമാർ പാസിയുടെ കൃഷിയിടത്തിൽ രാജാറാം യാദവിന്റെ കന്നുകാലികൾ മേയുന്നതിൽ പരാതി പറഞ്ഞതിനാണ് ദീപക്, ഭാര്യ സുമിത്ര, മൂത്ത സഹോദരൻ, അമ്മ അടക്കമുള്ളവരെ ജാതി അധിക്ഷേപം നടത്തി മർദിച്ചത്. 'രാജാറാം യാദവ് എന്നയാളുടെ കന്നുകാലികൾ ദീപകിന്റെ വയലിൽ മേയുന്നതിനെ കുറിച്ച് പരാതിപ്പെട്ടപ്പോൾ രാജാറാം ദേഷ്യപ്പെടുകയും ദീപക്കിനെ ജാതി അധിക്ഷേപം നടത്തുകയും വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അടിക്കുകയും ചെയ്തു.' പോലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് പറഞ്ഞു. തുടർന്ന് ദീപകിന്റെ ഭാര്യ സുമിത്രയെ മുടിയിൽ പിടിച്ചു വയലിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി മർദിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും പരാതിയിൽ പറയുന്നു.
ഗുരുതരമായി പരിക്കേറ്റ ദീപക്കിനെയും സുമിത്രയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കുകളോടെ മറ്റ് നാല് കുടുംബാംഗങ്ങളെ ചികിത്സ നൽകി വിട്ടയച്ചു. ദീപക്കിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാജാറാം യാദവ്, ദിലജീത് യാദവ്, അരവിന്ദ് യാദവ്, രാജേന്ദ്ര യാദവ്, പാർവതി ദേവി, താരാദേവി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.