< Back
India
ഗുജറാത്തിൽ വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് കയറിയ ദലിത് വരന് നേരെ ആക്രമണം
India

ഗുജറാത്തിൽ വിവാഹ ഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് കയറിയ ദലിത് വരന് നേരെ ആക്രമണം

റിഷാദ് അലി
|
3 Feb 2026 2:36 PM IST

ഗുജറാത്തിലെ പത്താന്‍ ജില്ലയിലുള്ള ചന്ദ്രുമന ഗ്രാമത്തിലാണ് വാളുകളുപയോഗിച്ച് വരനായ വിശാല്‍ ചാവ്ഡയെ അക്രമിച്ചത്

സൂറത്ത്: വിവാഹത്തിനിടെ കുതിരപ്പുറത്ത് യാത്ര ചെയ്ത ദലിത് വരന് നേരെ ആക്രമണം. ഗുജറാത്തിലെ പത്താന്‍ ജില്ലയിലുള്ള ചന്ദ്രുമന ഗ്രാമത്തിലാണ് വാളുകളുപയോഗിച്ച് വരനായ വിശാല്‍ ചാവ്ഡയെ അക്രമിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.

മേൽജാതിക്കാരായ താക്കൂർ വിഭാഗത്തില്‍പെട്ടവരാണ് ദലിത് വരന്റെ വിവാഹഘോഷയാത്ര തടഞ്ഞത്. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് വരന്‍ കുതിരപ്പുറത്ത് കയറുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന് നേരെ വാള് വീശി. ഉയര്‍ന്ന സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആക്രമണം. യുവാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.

വരന്റെ പിതാവ് പത്താന്‍ പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഭാരതീയ ന്യായ സംഹിതയിലെ നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവെക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരവും, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഗുജറാത്തില്‍ നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ഗാന്ധിനഗറിലെ ചഡാസന ഗ്രാമത്തിൽ വികാസ് ചാവ്ദ എന്ന ദലിത് യുവാവിനെ കുതിരപ്പുറത്ത് നിന്ന് വലിച്ചു താഴെയിടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.

Related Tags :
Similar Posts