< Back
India
മേൽജാതിക്കാർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച ദലിതനെ കൂട്ടം ചേർന്ന് മർദിച്ചു
India

മേൽജാതിക്കാർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച ദലിതനെ കൂട്ടം ചേർന്ന് മർദിച്ചു

Web Desk
|
16 Sept 2022 8:15 AM IST

പ്രതികള്‍ വെടിയുതിര്‍ത്തതായും പരാതി

ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ മേൽ ജാതിയിൽപ്പെട്ടവർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ദലിതനെ ഒരു സംഘം ആളുകൾ ഇരുമ്പ് വടിയും വടിയും ഉപയോഗിച്ച് മർദിച്ചു. ദിഗ്ഗ ഗ്രാമത്തിലാണ് സംഭവം. നാലുപേർക്കെതിരെപട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചതുര റാം എന്നയാൾക്കാണ് ക്രൂരമർദനം ഏൽക്കേണ്ടിവന്നത്.

ചൊവ്വാഴ്ച വൈകുന്നേരം ചതുര റാം ഭാര്യയോടൊപ്പം ദിഗ്ഗയിലേക്ക് പോകുമ്പോൾ ഒരു പലചരക്ക് കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇത് കണ്ട നാല്-അഞ്ച് പേർ ചേർന്ന് അദ്ദേഹത്തെ ചീത്തവിളിക്കുകയും ഇരുമ്പ് വടിയടക്കമുപയോഗിച്ച് മർദിക്കുകയും ചെയ്തതായാണ് പരാതി. കടയ്ക്കു പുറത്ത് വെച്ച പാത്രത്തിലെ വെള്ളം മേൽ ജാതിയിൽപ്പെട്ടവർക്കുള്ളതാണെന്ന് പറഞ്ഞായിരുന്നു മർദിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.

റാമിന്റെ ചെവിക്കടക്കം ശരീരത്തിൽ നിരവധി സ്ഥലങ്ങളിൽ മുറിവേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രതികൾ തനിക്ക് നേരെ വെടിയുതിർത്തതായും റാമിന്റെ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts