< Back
India
ദലിത് കൗമാരക്കാരന്‍ ജുവനൈല്‍ ഹോമില്‍ തൂങ്ങിമരിച്ച നിലയില്‍; ജാതിപീഡനമെന്ന് കുടുംബം
India

ദലിത് കൗമാരക്കാരന്‍ ജുവനൈല്‍ ഹോമില്‍ തൂങ്ങിമരിച്ച നിലയില്‍; ജാതിപീഡനമെന്ന് കുടുംബം

Web Desk
|
8 Sept 2021 2:41 PM IST

ജുവൈനല്‍ ഹോമിലെ കുളിമുറിയില്‍ തിങ്കളാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ജുവനൈൽ ഹോമില്‍ പതിനാറു വയസുള്ള ദലിത് ബാലനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജുവൈനല്‍ ഹോമിലെ കുളിമുറിയില്‍ തിങ്കളാഴ്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജുവനൈല്‍ ഹോമിലെ ഉയര്‍ന്ന ജാതിക്കാര്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ''തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ, എന്‍റെ മകൻ തൂങ്ങിമരിച്ചതായി എനിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. എനിക്കുറപ്പുണ്ട് തീര്‍ച്ചയായും അവനെ കൊന്നതാണ്'' കച്ചവടക്കാരനായ കുട്ടിയുടെ പിതാവ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ''രണ്ടു ദിവസം മുന്‍പ് മകനെ ഞാന്‍ കണ്ടിരുന്നു. കടുത്ത വേദന കൊണ്ട് അവന്‍ പുളയുകയായിരുന്നു. ജുവനൈല്‍ ഹോമിലെ ജീവനക്കാരുമായി ചേര്‍ന്നു സഹതടവുകാര്‍ തന്നെ ഉപദ്രവിക്കുകയാണെന്നും തന്നെ ഇവിടെ നിന്നും രക്ഷപെടുത്തണമെന്നും അവന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവന്‍ പറഞ്ഞിരുന്നു. അവന്‍റെ ഇടുപ്പെല്ലിനും പരിക്കേറ്റിരുന്നു. എനിക്കെന്തു ചെയ്യാന്‍ കഴിയും. എങ്ങനെയെങ്കിലും അവനെ പുറത്തിറക്കാമെന്ന് ഞാനവനോട് പറഞ്ഞു. ഇപ്പോള്‍ അവന്‍ മരിച്ചു'' പിതാവ് പറഞ്ഞു.

ഉയര്‍ന്ന ജാതിയില്‍ പെട്ട കുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ചാണ് ദലിത് ബാലനെ അറസ്റ്റ് ചെയ്തത്. ജൂലൈ 30നാണ് കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചത്. പെണ്‍കുട്ടിയുമായി പതിനാറുകാരന്‍ പ്രണയത്തിലായിരുന്നുവെന്ന് അമ്മാവന്‍ പറഞ്ഞു.

Related Tags :
Similar Posts