
മധ്യപ്രദേശിൽ ദലിത് യുവാവിന് നേരെ അതിക്രമം; മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി
|മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം
മധ്യപ്രദേശ്: മധ്യപ്രദേശിൽ ദലിത് യുവാവിന് നേരെ അതിക്രമം. മർദിച്ച് അവശനാക്കിയ ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. ഗ്വാളിയോർ ജില്ലയിലെ ദീൻ ദയാൽ നഗർ പ്രദേശത്തുള്ള ഗ്യാൻ സിംഗ് യാദവ് എന്ന യുവാവിനെ മൂന്ന് പേർ ചേർന്ന് വാഹനം ഓടിക്കാൻ നിർബന്ധിക്കുകയും എന്നാൽ അത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് അതിക്രമത്തിന് കാരണമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം സുർപുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എഎസ്പി സഞ്ജീവ് പഥക് പറഞ്ഞു.
വീട്ടിൽ നിന്ന് ഇറക്കികൊണ്ടുപോയ സംഘം പിസ്റ്റൾ, പൈപ്പ്, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് തന്നെ ആക്രമിച്ചതായി ഇരയായ ഗ്യാൻ സിംഗ് ജാതവ് പറഞ്ഞു. ഭിന്ദിലേക്ക് കൊണ്ടുപോകുമ്പോൾ മൂവരും ചേർന്ന് പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് തന്നെ മർദിക്കുകയും മദ്യം കുടിപ്പിക്കുകയും കുപ്പിയിൽ നിന്ന് മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും ഗ്യാൻ സിംഗ് പൊലീസിനോട് പറഞ്ഞു. ഭിന്ദിൽ എത്തിയ ശേഷം അവിടെ വെച്ച് ചങ്ങല കൊണ്ട് ബന്ധിച്ച് വീണ്ടും ആക്രമിച്ചതായും ഗ്യാൻ സിംഗ് പറഞ്ഞു.
കട്നി ജില്ലയിൽ അനധികൃത മണൽ ഖനനത്തെ എതിർത്തതിന് മറ്റൊരു ദളിത് യുവാവിനെ മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. 2023 ജൂലൈയിൽ സിദ്ധി ജില്ലയിലെ ഒരു ആദിവാസിയുടെ മേൽ ഒരു ബ്രാഹ്മണൻ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട സമാനമായ ഒരു കേസ് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. എൻസിആർബി 2023ലെ ഡാറ്റ പ്രകാരം പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ ഗുരുതരമായ ആശങ്കയായി തുടരുന്നു. ഇന്ത്യയിലുടനീളം 57,789 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 8,232 എണ്ണം മധ്യപ്രദേശിലാണ്.