< Back
India
ദലിത്, ഒബിസി വിഭാഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു, കാരണം...: പ്രതികരണവുമായി മായാവതി
India

"ദലിത്, ഒബിസി വിഭാഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു, കാരണം...": പ്രതികരണവുമായി മായാവതി

Web Desk
|
11 March 2022 12:42 PM IST

മാധ്യമങ്ങൾ കൃത്രിമമായ സർവേകൾ പുറത്തുവിട്ടെന്ന് മായാവതി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403ൽ ഒരു സീറ്റ് മാത്രം നേടി തകര്‍ന്നടിഞ്ഞതിനു പിന്നാലെ പ്രതികരണവുമായി മായാവതി. സമാജ്‍വാദി പാർട്ടിയുടെ ജംഗിൾ രാജ് തിരിച്ചുവരുമെന്ന് ഭയന്നാണ് ദലിതർ പോലും ബിജെപിക്ക് വോട്ട് ചെയ്തതെന്ന് മായാവതി പറഞ്ഞു-

"എസ്പി വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനം പഴയ ജംഗിൾ രാജിലേക്കും ഗുണ്ടാരാജിലേക്കും വലിച്ചെറിയപ്പെടുമെന്ന ഭയം ബിഎസ്പിയുടെ അനുയായികള്‍ക്കുണ്ടായി. ഒബിസി സമുദായങ്ങളിൽ നിന്നുള്ളവരും മേല്‍ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്ക്കുന്നത്. അവര്‍ എസ്പി അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്തു"- മായാവതി പറഞ്ഞു.

എസ്പിയെ പിന്തുണച്ച മുസ്‍ലികളെയും മായാവതി കുറ്റപ്പെടുത്തി- "ബിജെപിയെ പരാജയപ്പെടുത്താൻ മുസ്‍ലിംകള്‍ എസ്പിയെ വിശ്വസിച്ചു. ഇത് ഞങ്ങളെ ബാധിച്ചു. അവരെ വിശ്വസിച്ചതിൽ നിന്ന് ഞങ്ങൾ പാഠം പഠിച്ചു. ഈ അനുഭവം ഞങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും അതിനനുസരിച്ച് മാറുകയും ചെയ്യും"- മായാവതി പറഞ്ഞു.

മുസ്‌ലിംകൾ പിന്തുണച്ചിരുന്നെങ്കിൽ ബി.ജെ.പിയെ പരാജയപ്പെടുത്താമായിരുന്നുവെന്ന് മായാവതി പറഞ്ഞു- "മുസ്‌ലിംകളുടെയും ദലിതുകളുടെയും വോട്ടുകൾ ഒന്നിച്ചിരുന്നെങ്കിൽ, പശ്ചിമ ബംഗാളിൽ തൃണമൂല്‍ ചെയ്തത് ആവർത്തിക്കാമായിരുന്നു. പ്രതീക്ഷിച്ചതുപോലെ ത്രികോണ പോരാട്ടം നടന്നിരുന്നെങ്കിൽ ബിഎസ്‌പിക്ക് തികച്ചും വ്യത്യസ്തമായ പ്രകടനം കാഴ്ചവെക്കാമായിരുന്നു. ബിജെപിയെ തടയാന്‍ കഴിയുമായിരുന്നു".

ആക്രമണോത്സുകമായ മുസ്‍ലിം വിരുദ്ധ പ്രചാരണമാണ് ബിജെപി നടത്തിയതെന്നും മായാവതി പറഞ്ഞു- "മാധ്യമങ്ങൾ കൃത്രിമമായ സർവേകൾ പുറത്തുവിട്ടു. ജനങ്ങളെ, പ്രത്യേകിച്ച് മുസ്‍ലിംകളെ ഇതിലൂടെ കബളിപ്പിച്ചു. ബിഎസ്പി ബിജെപിയുടെ ബി ടീമാണെന്ന സന്ദേശം പുറത്തുവന്നു". ഭാവിയിൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കി മായാവതി പറഞ്ഞു.

2007ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉത്തര്‍ പ്രദേശ് ഭരിച്ച പാര്‍ട്ടിയാണ് ബിഎസ്പി. അതിനുമുന്‍പും ബിജെപിയുടെ പിന്തുണയോടെ അധികാരത്തിലേറിയെങ്കിലും ഭരണം അധികനാള്‍ നീണ്ടുനിന്നില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ ബിഎസ്പിക്ക് ജയിക്കാനായുള്ളൂ. 255 സീറ്റില്‍ വിജയിച്ച ബിജെപി ഭരണത്തുടര്‍ച്ച നേടി. പക്ഷേ 2017ലേതിനേക്കാള്‍‌ 49 സീറ്റ് കുറഞ്ഞു. എസ്പി സഖ്യം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് 115 മണ്ഡലങ്ങളില്‍ വിജയിച്ചു.

Similar Posts