< Back
India
വിവാഹത്തിന് സമ്മതിച്ചില്ല; പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി
India

വിവാഹത്തിന് സമ്മതിച്ചില്ല; പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി

Web Desk
|
29 July 2021 11:09 AM IST

ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള സാംബാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്

വിവാഹത്തിന് തടസം നിന്ന പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള സാംബാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്.

കര്‍ഷകനായ ഹര്‍പാല്‍ സിംഗാണ്(46) കൊല്ലപ്പെട്ടത്. മകള്‍ പ്രീതിയും കാമുകന്‍ ധര്‍മ്മേന്ദ്ര യാദവും കൂടി ഹര്‍പാലിന് മദ്യം നല്‍കിയ ശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മകളുടെ പ്രണയബന്ധത്തിനെതിരായിരുന്ന ഹര്‍പാല്‍ തന്‍റെ സ്വത്തുക്കള്‍ മകള്‍ക്ക് നല്‍കാനും വിസമ്മതിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. ഹര്‍പാലിന്‍റെത് ആത്മഹത്യയാണെന്നായിരുന്നു ആദ്യം കുടുംബം കരുതിയത്. എന്നാല്‍ ശരീരത്തില്‍ നിരവധി പരിക്കുകള്‍ ഉണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊലീസിന് സംശയമായി. ഭര്‍ത്താവിന്‍റെ മരണം കൊലപാതകമാണെന്ന സംശയം ഭാര്യയും പറഞ്ഞിരുന്നു. മകളും കാമുകനും ചേര്‍ന്ന് ഹര്‍പാലിനെ കൊല്ലാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി പൊലീസ് കണ്ടെത്തി. പിതാവിനെ കാണാതായ ദിവസം മകളും കാമുകനും നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രീതിയെയും ധര്‍മ്മേന്ദ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. മൂന്ന് പ്രതികൾക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Similar Posts