< Back
India
നരോദപാട്യ കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയുടെ മകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി
India

നരോദപാട്യ കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയുടെ മകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി

Web Desk
|
13 Nov 2022 1:49 PM IST

നരോദ മണ്ഡലത്തില്‍ പായല്‍ കുക്രാനിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

ഗാന്ധിനഗര്‍: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നരോദപാട്യ കൂട്ടക്കൊല കേസ് പ്രതിയുടെ മകള്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. നരോദ മണ്ഡലത്തില്‍ പായല്‍ കുക്രാനിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി.

പായലിന്‍റെ പിതാവ് മനോജ് കുക്രാനി നരോദപാട്യ കൂട്ടക്കൊല കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്ക​പ്പെട്ട പ്രതിയാണ്. 97 മുസ്‌ലിംകൾ കൊല്ലപ്പെട്ട നരോദപാട്യ കേസിലെ 16 പ്രതികളിൽ ഒരാളാണ് മനോജ്. 2002ലാണ് സംഭവം നടന്നത്. മനോജ് കുക്രാനിയുടെയും മറ്റ് 15 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2018ൽ ശരിവച്ചിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുക്രാനി ഇപ്പോൾ ആരോഗ്യ കാരണങ്ങളാല്‍ ജാമ്യത്തിലാണ്.

ബി.ജെ.പി പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് പായല്‍. അനസ്തെറ്റിസ്റ്റാണ് 30കാരിയായ പായല്‍- "പാർട്ടി എന്നിൽ വിശ്വാസമർപ്പിച്ച് ടിക്കറ്റ് നൽകിയതിൽ അതിയായ സന്തോഷമുണ്ട്. എന്‍റെ പിതാവ് 40 വർഷമാണ് ബി.ജെ.പിക്ക് നൽകിയത്. അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാൻ പങ്കെടുത്തിട്ടുണ്ട്"- പായല്‍ പറഞ്ഞു. പായലിന്റെ അമ്മ രേഷ്മ അഹമ്മദാബാദിലെ സൈജ്പൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ്.

കലാപക്കേസിലെ പ്രതിയുടെ മകളെ മത്സരിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്തുകൊണ്ട് ബി.ജെ.പി മറ്റൊരു സ്ഥാനാർഥിയെ പരിഗണിച്ചില്ലെന്ന് കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ ചോദിച്ചു. ബി.ജെ.പി ഇക്കാലമത്രയും ചെയ്യുന്നത് ഇതാണ്. ബി.ജെ.പിയുടെ വ്യാജ ഹിന്ദുത്വത്തിന് ഇനി വിജയ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

1990 മുതല്‍ നരോദ സീറ്റില്‍ ബി.ജെ.പിയാണ് വിജയിക്കുന്നത്. 1998ല്‍ എം.എല്‍.എയായ മായ കൊട്നാനി 2002ലും 2007ലും മണ്ഡലം നിലനിര്‍ത്തി. 2012ല്‍ നിര്‍മല വധ്‍വനിയും 2017ല്‍ ബല്‍റാം തവനിയും വിജയിച്ചു.

Similar Posts