< Back
India
കരൂർ ദുരന്തം: വിജയ് നൽകിയ 20 ലക്ഷം തിരികെ നൽകി മരിച്ചയാളുടെ ഭാര്യവിജയ് Photo-PTI
India

കരൂർ ദുരന്തം: വിജയ് നൽകിയ 20 ലക്ഷം തിരികെ നൽകി മരിച്ചയാളുടെ ഭാര്യ

Web Desk
|
29 Oct 2025 8:54 AM IST

വിജയ് നടത്തിയ കൂടിക്കാഴ്ചയിൽ കരൂർ ദുരന്തത്തിനിരയായവരുടെ 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയിരുന്നത്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചയാളുടെ ഭാര്യ, വിജയ് നല്‍കിയ 20 ലക്ഷത്തിന്റെ ചെക്ക് തിരിച്ചയച്ചു. കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് വിജയ്‌യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട്‌ മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാള്‍ 20 ലക്ഷത്തിന്റെ ചെക്ക് തിരിച്ചയച്ചത്.

വിജയ് തന്നെ സന്ദർശിച്ച് അനുശോചനം അറിയിക്കാത്തതിൽ താൻ അസ്വസ്ഥയാണെന്ന് സംഗവി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാമല്ലപുരത്തേക്ക് വിളിച്ചുവരുത്തി വിജയ് കാണുന്നതിനെ സിംഗവി എതിര്‍ക്കുന്നുണ്ട്. സംഗവിയുടെ ഭർത്താവ് കൊടങ്കിപ്പട്ടി സ്വദേശിയാണ്. ഒരാഴ്ച മുമ്പാണ് തന്റെ അക്കൗണ്ടിലേക്ക് പണം വന്നതെന്ന് സംഗവി പറഞ്ഞു.

" വിജയ് കരൂർ സന്ദർശിച്ച് എന്നെയും മറ്റ് ദുരിതബാധിതരെയും അനുശോചിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്റെ അറിവില്ലാതെ, ചില ടിവികെ അംഗങ്ങൾ എന്റെ ഭർത്താവിന്റെ കുടുംബത്തിലെ ചിലരെ തരപ്പെടുത്തി മാമല്ലപുരത്തേക്ക് കൊണ്ടുപോയി. അദ്ദേഹം കരൂർ സന്ദർശിക്കേണ്ടതായിരുന്നു. ഇത് നിരാശാജനകമാണ്. അതിനാൽ, ഞാൻ പണം തിരികെ നൽകി''- സിംഗവി പറഞ്ഞു.

വിജയ് നടത്തിയ കൂടിക്കാഴ്ചയിൽ കരൂർ ദുരന്തത്തിനിരയായവരുടെ 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരിൽ നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകിയിരുന്നു. മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്.

Similar Posts