< Back
India
ഡൽഹി തെരഞ്ഞെടുപ്പ്: മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 46.55% പോളിംഗ്
India

ഡൽഹി തെരഞ്ഞെടുപ്പ്: മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 46.55% പോളിംഗ്

Web Desk
|
5 Feb 2025 4:14 PM IST

വൈകുന്നേരം 6 മണി വരെ പോളിംഗ് തുടരും

ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് തുടരുന്നു. ഉച്ചക്ക് മൂന്ന് മണി വരെ 46.55% പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തുടങ്ങി നിരവധി പ്രമുഖർ വോട്ടു രേഖപ്പെടുത്തി. വൈകുന്നേരം 6 മണി വരെ പോളിംഗ് തുടരും.

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് മുസ്തഫാബാദിലാണ് (56.12%), ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കരോൾ ബാഗ് നിയമസഭാ മണ്ഡലത്തിലാണ് (39.05%). 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ 62.59% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 56% പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം, ജങ്പുര നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്ക് ബിജെപി പണം വിതരണം ചെയ്തതായി ആം ആദ്മി പാർട്ടി ആരോപിച്ചു. ബിജെപി വോട്ടർമാരെ പരസ്യമായി അടുത്തുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി പണം വിതരണം ചെയ്യുന്നു എന്നാണ് ആരോപണം. അതിനിടെ ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ രണ്ട് ഓഫീസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അഞ്ച് ലക്ഷം രൂപ കൈവശം വെച്ചതിനാണ് അറസ്റ്റ്.

പോളിങ് വർധിപ്പിക്കാനായി ദേശീയ തലസ്ഥാനത്ത് ഇന്ന് സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശും ഹരിയാനയും സമാനമായി ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വോട്ടു ചെയ്തവർക്ക് സലൂണുകളിലും കടകളിലും കിഴിവുകൾ ഉൾപ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts