
Photo| PTI
പരീക്ഷ ഒഴിവാക്കാൻ സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി; അഞ്ചാം ക്ലാസുകാരൻ പിടിയിൽ
|ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു
ന്യൂഡൽഹി: പരീക്ഷ ഒഴിവാക്കാനായി സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച അഞ്ചാം ക്ലാസുകാരൻ പിടിയിൽ. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ ലഭിച്ചത്.
ഇ-മെയിൽ ലഭിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ബ്രിഗേഡ് ടീമുകൾ എന്നിവർ സ്കൂളിൽ എത്തുകയും ചെയ്തു. എന്നാൽ സംശയകരമായ ഒരു വസ്തുവും സ്കൂൾ പരിസരത്ത് നിന്ന് കണ്ടുകിട്ടിയില്ല.
സൈബർ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടിയാണ് ഇ-മെയിൽ സന്ദേശം അയച്ചിരിക്കുന്നത് എന്ന് മനസിലായത്. ചോദ്യം ചെയ്യലിൽ പരീക്ഷക്ക് പഠിക്കാത്തതിനാൽ ഭയന്നാണ് ഇ-മെയിൽ സന്ദേശം അയച്ചതെന്നാണ് അഞ്ചാം ക്ലാസുകാരൻ കുറ്റസമ്മതം നടത്തിയത്.
കുട്ടിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇ-മെയിൽ അയയ്ക്കാൻ ഉപയോഗിച്ച നിർദ്ദിഷ്ട ഇമെയിൽ ഐഡി, ഉപകരണം, ഇൻ്റർനെറ്റ് കണക്ഷൻ എന്നിവ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉപകരണത്തിൻ്റെ ഫോറൻസിക് വിശകലനവും നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.