< Back
India
Delhi College Principals Office Defaced After Viral Cow Dung Video
India

താപനില കുറക്കാൻ ക്ലാസ് മുറിയിൽ ചാണകം പൂശിയ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ച് വിദ്യാർഥി യൂണിയൻ

Web Desk
|
16 April 2025 9:01 AM IST

ഡൽഹി ലക്ഷ്മിഭായ് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയുടെ ചുവരിലാണ് ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിൽ ചാണകം തേച്ചത്.

ന്യൂഡൽഹി: താപനില കുറക്കാൻ ക്ലാസ് മുറിയുടെ ചുവരിൽ ചാണകം പൂശിയ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിൽ ചാണകം തേച്ച് വിദ്യാർഥി യൂണിയൻ ഭാരവാഹികൾ. ഡൽഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയുടെ ചുവരിലാണ് ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിൽ ചാണകം തേച്ചത്. പ്രിൻസിപ്പൽ പ്രത്യുഷ് വത്സല ക്ലാസ് മുറിയുടെ ചുവരുകളിൽ ചാണകം പൂശുന്ന വിഡോയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

വിദ്യാർഥികളുടെ അനുമതി വാങ്ങാതെയാണ് ക്ലാസ് മുറിയിൽ ചാണകം പൂശിയതെന്നും നിങ്ങൾക്ക് എന്തെങ്കിലും ഗവേഷണം ചെയ്യാനുണ്ടെങ്കിൽ അത് സ്വന്തം വീട്ടിൽ ചെയ്യണമെന്നും റോണക് ഖത്രി പറഞ്ഞു. തദ്ദേശീയമായ രീതിയിൽ ക്ലാസ് മുറികൾ തണുപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ക്ലാസ് മുറിയുടെ ചുവരിൽ ചാണകം പൂശിയത് എന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം.

താനും സംഘവും പ്രിൻസിപ്പലിന്റെ ഓഫീസ് ചുവരുകളിൽ പ്ലാസ്റ്റർ ചെയ്ത് അവരെ സഹായിക്കാൻ പോയതായിരുന്നുവെന്ന് ഖത്രി പിന്നീട് പരിഹരിച്ചു. ''മാഡം ഇപ്പോൾ തന്റെ മുറിയിൽ നിന്ന് എസി നീക്കം ചെയ്ത് വിദ്യാർഥികൾക്ക് കൈമാറുമെന്നും ചാണകം പുരട്ടിയ ആധുനികവും പ്രകൃതിദത്തവുമായ തണുത്ത അന്തരീക്ഷത്തിൽ കോളജ് നടത്തുമെന്നും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്''-ഖത്രി എക്‌സ് പോസ്റ്റിൽ പറഞ്ഞു.

എപ്രിൽ 13-നാണ് പ്രിൻസിപ്പൽ ക്ലാസ് മുറിയുടെ ചുവരിൽ ചാണകം പൂശിയത്. തദ്ദേശീയമായ രീതിയിൽ ചൂട് കുറയ്ക്കുന്നത് സംബന്ധിച്ച ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം പൂശിയതെന്നും ഒരാഴ്ചക്കകം ഗവേഷണത്തിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടുമെന്നും പ്രിൻസിപ്പൽ പ്രത്യുഷ് വത്സല പറഞ്ഞിരുന്നു.


Similar Posts