< Back
India
ഐഎസ് ബന്ധത്തിന് തെളിവില്ല; എട്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം രണ്ട് മുസ്‌ലിം യുവാക്കളെ വിട്ടയച്ച് കോടതി
India

'ഐഎസ് ബന്ധത്തിന് തെളിവില്ല'; എട്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം രണ്ട് മുസ്‌ലിം യുവാക്കളെ വിട്ടയച്ച് കോടതി

അഹമ്മദലി ശര്‍ഷാദ്
|
21 March 2026 9:32 PM IST

ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഉന്നയിച്ച ആരോപണങ്ങളിൽ വിശ്വസനീയമായ തെളിവുകളില്ലെന്നും അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നും കോടതി പറഞ്ഞു

ന്യൂഡൽഹി: ഐഎസ് ബന്ധത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ട് മുസ്‌ലിം യുവാക്കളെ എട്ട് വർഷത്തെ ജയിൽവാസത്തിന് ശേഷം ഡൽഹി പാട്യാല ഹൗസ് കോടതി വിട്ടയച്ചു. ജംഷീദ് സഹൂർ പോൾ, പർവേസ് റാഷിദ് ലോൺ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഉന്നയിച്ച ആരോപണങ്ങളിൽ വിശ്വസനീയമായ തെളിവുകളില്ലെന്നും അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ സെഷൻസ് ജഡ്ജി അമിത് ബൻസാൽ ഇരുവരെയും വെറുതെവിട്ടത്.

പ്രതികളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു എന്ന പൊലീസിന്റെ അവകാശവാദത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടികയിലും സൈറ്റ് പ്ലാനിലും എഫ്ഐആർ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആയുധങ്ങൾ കണ്ടെടുത്തതിന് ശേഷമാണോ അതോ മുമ്പാണോ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് പ്രോസിക്യൂഷൻ വാദങ്ങളെ ദുർബലപ്പെടുത്തിയെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിന് മുമ്പ് ഏകദേശം രണ്ട് മാസത്തോളം സീൽ ചെയ്യാത്ത അവസ്ഥയിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു. അതിനാൽ തന്നെ ഫോണിൽ നിന്ന് ലഭിച്ച ബിബിഎം ചാറ്റുകളും സ്‌ക്രീൻഷോട്ടുകളും വിശ്വസനീയമല്ലെന്ന് കോടതി പറഞ്ഞു. ഐസ് അംഗത്വമോ, ഭീകരവാദ പ്രവർത്തനങ്ങളിലുള്ള പങ്കോ, ആയുധങ്ങൾ ശേഖരിച്ചതോ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

2018 സെപ്റ്റംബർ ഏഴിന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി ആയുധങ്ങൾ ശേഖരിക്കാൻ ഗൂഢാലോചന നടത്തി എന്നതായിരുന്നു കുറ്റം. 2022 ഏപ്രിലിലാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത്. 2024-ൽ പോലും ഡൽഹി ഹൈക്കോടതി ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.

'ഭീകരവാദി' എന്ന മുദ്ര നീക്കം ചെയ്യപ്പെട്ടെങ്കിലും, തിരിച്ചുപിടിക്കാനാവാത്ത എട്ട് വർഷങ്ങളാണ് നഷ്ടമായതെന്ന് എപിസിആർ ദേശീയ സെക്രട്ടറി നദീം ഖാൻ പറഞ്ഞു. കെട്ടിച്ചമച്ച ആരോപണങ്ങൾ വരുത്തിവെക്കുന്ന ആഘാതത്തെ അദ്ദേഹം എടുത്തുപറഞ്ഞു. കൃത്യമായ തെളിവുകളില്ലാതെ തന്നെ നടപടികളുമായി മുന്നോട്ടുപോകാൻ യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് ജനറൽ സെക്രട്ടറി മാലിക് മുതാസിം ചൂണ്ടിക്കാട്ടി.

Similar Posts