< Back
India
Delhi Hc Delhi police to respond to bail pleas for Umer Khalid, Sharjeel
India

'എക്കാലവും കാത്തിരിക്കാനാവില്ല'; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ പ്രതികരണമറിയിക്കാത്ത പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം

Web Desk
|
22 Jan 2025 2:59 PM IST

കേസ് ഫെബ്രുവരി 12ന് പരിഗണിക്കാനായി മാറ്റി.

ന്യൂഡൽഹി: ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ്, ആക്ടിവിസ്റ്റ് ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷയിൽ പ്രതികരണം അറിയിക്കാൻ വൈകുന്നതിൽ പൊലീസിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗുഢാലോചനാ കുറ്റത്തിനാണ് ഇരുവരെയും യുഎപിഎ ചുമത്തി ജയിലിലടച്ചത്.

''തങ്ങൾ നിരപരാധികളാണെന്നാണ് കുറ്റാരോപിതർ അവകാശപ്പെടുന്നത്. കലാപത്തിൽ അവർക്ക് എന്ത് പങ്കാണുള്ളത് എന്നത് സംബന്ധിച്ച് വ്യക്തമാക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. ഇത് ഒരു അവസാനമില്ലാതെ നീട്ടിക്കൊണ്ടുപോകാനാവില്ല. ഇത് അവസാനിപ്പിക്കണം. നിങ്ങൾക്ക് അനന്തമായ സമയം നൽകാനാവില്ല''-ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലീന്ദർ കൗർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

കുറ്റാരോപിതരായ ഓരോരുത്തരുടെയും പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ആവശ്യപ്പെട്ടു. നിലവിലെ വിഷയങ്ങൾ ഒരു ജാമ്യാപേക്ഷയിൽ ഒതുക്കാനാവില്ല. കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നും അമിത് പ്രസാദ് പറഞ്ഞു.

സബ്മിഷൻ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയും ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 12ന് പരിഗണിക്കാനായി മാറ്റി.

Similar Posts