< Back
India
Delhi High Court judge embroiled in cash row was named in CBI case in 2018
India

വീട്ടിൽ നിന്ന് പണക്കൂമ്പാരം കണ്ടെത്തിയെന്ന് ആരോപണം നേരിടുന്ന ജഡ്ജി സിബിഐ കേസിലും പ്രതിപ്പട്ടികയിൽ

Web Desk
|
22 March 2025 1:28 PM IST

സിംഭോലി പഞ്ചസാര മിൽ തട്ടിപ്പ് കേസിൽ യശ്വന്ത് വർമയും പ്രതിയായിരുന്നുവെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹി: വീട്ടിൽ നിന്ന് പണക്കൂമ്പാരം കണ്ടെത്തിയെന്ന് ആരോപണം നേരിടുന്ന ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ സിബിഐ കേസിലും പ്രതി. സിംഭോലി പഞ്ചസാര മിൽ തട്ടിപ്പ് കേസിൽ യശ്വന്ത് വർമയും പ്രതിയായിരുന്നുവെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ പരാതിയിൽ 2018 ഫെബ്രുവരിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

കർഷകർക്കായി നീക്കിവെച്ചിരുന്ന 97.85 കോടി രൂപ കമ്പനി ദുരുപയോഗം ചെയ്തുവെന്നും ഫണ്ട് മറ്റു ആവശ്യങ്ങൾക്ക് വിനിയോഗിച്ചുവെന്നുമാണ് ആരോപണം. 2015 മേയിൽ സംഭവം 'സംശയിക്കപ്പെടുന്ന വഞ്ചന' കേസായി രേഖപ്പെടുത്തുകയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് സിബിഐ 12 വ്യക്തികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ യശ്വന്ത് വർമയെ പത്താം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതിപ്പട്ടികയിൽ പേരുള്ളവർക്കെതിരെ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.

2024 ഫെബ്രുവരിയിൽ അന്വേഷണം പുനരാരംഭിക്കാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. 2018ൽ സിബിഐ അന്വേഷണമാരംഭിച്ച കേസിൽ പുരോഗതിയില്ലാത്തതിനാൽ 2024ൽ സുപ്രിംകോടതി ഇടപെട്ടു. എന്നിട്ടും കേസിൽ ഫലപ്രദമായ അന്വേഷണം ഉണ്ടായിട്ടില്ല.

അതേസമയം, ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയതിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകളും വിവരങ്ങളും ജസ്റ്റിസ് ഡി.കെ ഉപാധ്യായ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും യശ്വന്ത് വർമയുടെ സ്ഥലംമാറ്റമടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാവുക.

മാർച്ച് 14 ഹോളി ദിനത്തിൽ ആയിരുന്നു ജഡ്ജിയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയതായി ഫയർഫോഴ്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്നലെ ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് ഈ വാർത്ത നിഷേധിച്ചിരുന്നു.

Similar Posts