< Back
India
Delhi High Court Raps Ramdev over sharbat jihad remarks
India

'മനഃസാക്ഷിയെ ഞെട്ടിക്കുന്നത്'; ബാബാ രാംദേവിന്റെ 'സർബത്ത് ജിഹാദ്' വിദ്വേഷ പരാമർശത്തിനെതിരെ ഡൽഹി ഹൈക്കോടതി

Web Desk
|
22 April 2025 12:54 PM IST

പരാമർശങ്ങൾക്കെതിരെ 'റൂഹ് അഫ്സ' സ്ക്വാഷ് കമ്പനിയായ ഹംദാർദ് സമർപ്പിച്ച ഹരജി പരി​ഗണിക്കവെയാണ് കോടതിയുടെ വിമർശനം.

ന്യൂഡൽഹി: 'സർബത്ത് ജിഹാദ്' വിദ്വേഷ പരാമർശവുമായി രം​ഗത്തെത്തിയ വിവാദ യോഗ ഗുരു ബാബ രാംദേവിനെതിരെ ഡ‍ൽഹി ​ഹൈക്കോടതി. രാംദേവിന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, അവ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും വ്യക്തമാക്കി. ബാബാ രാംദേവിന്റെ പരാമർശങ്ങൾക്കെതിരെ 'റൂഹ് അഫ്സ' സ്ക്വാഷ് കമ്പനിയായ ഹംദാർദ് സമർപ്പിച്ച ഹരജി പരി​ഗണിക്കവെയാണ് കോടതിയുടെ വിമർശനം.

'ഇത് ഞെട്ടിക്കുന്ന ഒരു കേസാണ്, അത് അപകീർത്തിപ്പെടുത്തുന്നതിനും അപ്പുറമാണ്. വർഗീയ വിഭജനം സൃഷ്ടിക്കുന്നതിന് കാരണമാവുന്ന ഈ പരാമർശങ്ങൾ വിദ്വേഷ പ്രസംഗത്തിന് സമാനമാണ്. അപകീർത്തി നിയമത്തിൽ നിന്ന് ഇതിന് സംരക്ഷണം ലഭിക്കില്ല'- ഹംദാർദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയിൽ പറഞ്ഞു.

ഈ മാസം ആദ്യം ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമർശങ്ങൾ നടത്തിയത്. 'നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതിൽ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിർമിക്കാൻ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം'- എന്നായിരുന്നു ബാബാ രാംദേവിന്റെ പരാമർശം.

'സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക'- എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രൊഡക്ട്സ് ഫേസ്ബുക്കില്‍ ബാബാ രാംദേവിന്റെ വീഡിയോ പങ്കുവച്ചത്. ഇതോടെയാണ്, റൂഹ് അഫ്സ നിർമിക്കുന്ന കമ്പനി കോടതിയെ സമീപിച്ചത്.

ഇതാദ്യമായല്ല ബാബാ രാംദേവ് വിവാദ പരാമർശങ്ങൾ നടത്തുന്നത്. ഇന്ത്യൻ മുസ്‌ലിംകളും ക്രിസ്ത്യാനികളും പാരമ്പര്യമായി ഹിന്ദുക്കളാണെന്ന് നേരത്തെ ബാബാ രാംദേവ് പറഞ്ഞിരുന്നു. ഇരുവിഭാഗങ്ങളുടെയും പ്രപിതാക്കന്മാർ ഹിന്ദുക്കളാണെന്നും രാംദേവ് പറഞ്ഞിരുന്നു. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ മറ്റൊരു പരാമര്‍ശം.

പതഞ്‌ജലിയുടെ നിയമവിരുദ്ധ പരസ്യങ്ങളുടെ പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സുപ്രിംകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു. തുടർന്ന് സുപ്രിംകോടതി പതജ്ഞലിയുടെ പരസ്യങ്ങൾക്ക് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചതിന് കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കോവിഡ് കാലത്തും ഇയാൾ വിവാദ പരാമർശവുമായിരം​ഗത്തെത്തിയിരുന്നു. പതഞ്ജലിയുടെ കൊറോണിൽ ഉപയോഗിച്ചാൽ കോവിഡ് ഭേദമാകുമെന്നായിരുന്നു പരാമർശം. കോവിഡ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചതിന് കാരണം അലോപ്പതി മരുന്നുകളാണെന്നും രാംദേവ് പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പേരിൽ നിയമവിരുദ്ധമായി പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർക്ക് കോഴിക്കോട്‌ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി സമൻസ് അയച്ചിരുന്നു. കേസിൽ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്‌ണ മൂന്നും പ്രതികളാണ്.



Similar Posts