< Back
India
എവിടെ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും?; ഡൽഹിയിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകത്തിൽ അതിഷി
India

'എവിടെ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും?; ഡൽഹിയിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകത്തിൽ അതിഷി

Web Desk
|
9 Jun 2025 10:00 PM IST

ഇരയുടെ കുടുംബത്തെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും സന്ദര്‍ശിക്കാത്തതെന്നും അതിഷി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമ്പത് വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എഎപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ അതിഷി.

ഇരയുടെ കുടുംബത്തെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും സന്ദര്‍ശിക്കാത്തതെന്നും അതിഷി ചോദിച്ചു. സംഭവത്തിന് ശേഷം രാജ്യ തലസ്ഥാനം ഭയത്തോടെയാണ് കഴിയുന്നതെന്നും അതിഷി വ്യക്തമാക്കി.

അതിഷിയുടെ നേതൃത്വത്തിലുള്ള എഎപി നേതാക്കളുടെ സംഘം തിങ്കളാഴ്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് അതിഷിയുടെ രൂക്ഷവിമര്‍ശനം. കുടുംബത്തെ എല്ലാവിധത്തിലും സഹായിക്കാനും പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്തു.

ഡൽഹിയിലെ നെഹ്‌റു വിഹാർ പ്രദേശത്താണ് ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ സ്യൂട്ട്‌കേസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി പെൺകുട്ടി ഒരു ബന്ധുവിനെ കാണാൻ പോയിരുന്നു.തിരിച്ച് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവം പ്രദേശത്ത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പൊലീസിന്റെ അനാസ്ഥയാരോപിച്ച് നാട്ടുകാര്‍ രംഗത്തുണ്ട്.

Related Tags :
Similar Posts